ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വീട് ആക്രമിച്ച് തീയിട്ടു. ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടിയുടെ ആറുമാസംപ്രായമുള്ള കുഞ്ഞിനും വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവിന്റെ രണ്ടുമാസം പ്രായമായ കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു.
കഴിഞ്ഞദിവസം പെൺകുട്ടിയുടെ അച്ഛനും ആക്രമിക്കപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടി 2022 ഫെബ്രുവരിയിലാണ് പീഡനത്തിനിരയായത്. 11 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. സെപ്റ്റംബറിൽ പ്രസവിച്ചു.
പ്രതികൾക്കൊപ്പം ചേർന്ന് ബന്ധുക്കളെ രംഗത്ത് ഇറക്കിയും കേസ് പിൻവലിക്കണമെന്ന് പല കോണുകളിൽ നിന്ന് ഭീഷണികൾ ഉണ്ടായിരുന്നു. ഈ മാസം 13 നാണ് ഇവർ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചത്.
ബലാത്സംഗക്കേസിലെ രണ്ടുപ്രതികൾ ഈയിടെ ജാമ്യത്തിലിറങ്ങി. തിങ്കളാഴ്ച ഇവർ ഗുണ്ടകളെയുംകൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് അക്രമം അഴിച്ചുവിടുകയും വീടിന് തീയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയെ മർദിച്ചശേഷമാണ് വീടിന് തീവെച്ചത്. ആൺകുഞ്ഞിന് 35 ശതമാനവും പെൺകുഞ്ഞിന് 45 ശതമാനവും പൊള്ളലേറ്റു. രണ്ടുപേരെയും കാൺപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയമവും ഭരണ സംവിധാനങ്ങളും സാക്ഷി
സാക്ഷി മഹാരാജ് എം പിയായിട്ടുള്ള ഉത്തർ പ്രദേശിലെ മണ്ഡലമാണ് ഉന്നാവ്. 2017 ലെ ഉന്നാവ് പീഡനക്കേസുമായി സാമ്യമുള്ളതാണ് ഇപ്പോഴത്തെ സംഭവം. ബങ്കർമൗവിൽ നിന്നുള്ള എംഎൽഎയായ കുൽദീപ് സിങ് സെൻഗറിനും സഹോദരനും എതിരായ കൂട്ടബലാത്സംഗ കേസ് ഒതുക്കാൻ അന്ന് എല്ലാ സംവിധാനങ്ങളും രംഗത്ത് ഇറങ്ങിയാതായി ആരോപണം ഉയർന്നിരുന്നു. നിയമവും ജനാധിപത്യ സംവിധാനങ്ങളും നാണിക്കുന്ന ആക്രമണങ്ങൾക്കാണ് ഇരയും കുടുംബവും അന്ന് ഇരയായത്.
പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദിച്ചു. തുടർന്നു പിതാവു മരിച്ചു.
2017 ജൂണിൽ 9 ദിവസത്തെ പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. എംഎൽഎക്കെതിരെ കേസ് നൽകിയതിനു പിന്നാലെ സെൻഗറിന്റെ സഹോദരനും മറ്റും പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു; പഴയ കേസുകൾ പൊടിതട്ടിയെടുത്തു. ഒടുവിലാണ് അച്ഛൻ പൊലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെടുന്നത്.
പരാതിയുമായി മുന്നോട്ടുപോയ പെൺകുട്ടിയെ അപായപ്പെടുത്താൻ അന്ന് ശ്രമമുണ്ടായി. പെൺകുട്ടിയും പ്രധാന സാക്ഷിയായ അമ്മായിയും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ 2019 ജൂലൈ 29ന് ലോറി ഇടിച്ചു. അപകടത്തിൽ അമ്മായി മരിച്ചു.
ദിവസങ്ങളോളം മരണത്തോടു മല്ലടിച്ച ശേഷം പെൺകുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. അപകടത്തെത്തുടർന്ന് സുപ്രീം കോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്കു മാറ്റി. കേസിനിടയിൽ എം പി സാക്ഷി മഹാരാജിൻ്റെ ഇടപെടൽ വാർത്തയായിരുന്നു. പ്രതിയുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായും പുറത്തു വന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, 2019 ഡിസംബറിൽ സെൻഗറിനു ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും സെൻഗർ കുറ്റക്കാരനെന്ന് 2020 മാർച്ചിൽ കോടതി കണ്ടെത്തി.



