എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസിൽ പൊലീസ് മെല്ലെ പോക്ക്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യ എവിടെയെന്ന് വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല. വ്യാജരേഖയുടെ ഒറിജിനൽ പിടിച്ചെടുക്കാൻ അലംഭാവം കാണിച്ചത് കേസ് ദുർബലമാക്കും.
വ്യാജരേഖയുണ്ടാക്കാൻ കെ വിദ്യ ഉപയോഗിച്ചത് മഹാരാജാസിൽ നിന്ന് 2018- 19 കാലയളവിൽ കിട്ടിയ ആസ്പയർ സ്കോളർഷിപ്പിന്റെ പ്രോജക്ട് സർട്ടിഫിക്കറ്റാണെന്നും വാർത്തയുണ്ട്.
ജാമ്യമില്ലാ കുറ്റം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ മഹാരാജസ് കോളേജിനെ തിങ്കളാഴ്ച രേഖാമൂലം ബന്ധപ്പെട്ടു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അന്ന് വൈകീട്ട് പൊലീസിൽ പരാതി നൽകി. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്റെ തീരുമാനം. എന്നാൽ കാസർകോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാൻ തീരുമാനിച്ചതോടെ കേസ് നടപടികൾ ഇഴഞ്ഞു.
വ്യാജ രേഖയുടെ കോപ്പിയാണ് നിലവിൽ പൊലീസിന്റെ കൈയ്യിലുള്ളത്. പ്രതി ഉണ്ടാക്കിയ അസ്സൽ പകർപ്പ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേസ് കോടതിയിൽ ദുർബലമാകും. സംഭവം പുറത്ത് വന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ കെ വിദ്യ തെളിവ് നശിപ്പിക്കാനുള്ള സാധ്യത കൂടുകയാണ്. രേഖ കണ്ടെത്തിയില്ലെങ്കിൽ ഇത് പ്രതിക്ക് സഹായകമാവും.
എം ഫിൽ പഠനത്തിനിടെ മഹാരാജാസിൽ ചെയ്ത പ്രൊജക്ട് സർട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് വ്യാജ രേഖയിലേക്ക് വിദ്യ പകർത്തിയതെന്ന വിവരവും പുറത്ത് വന്നു. അന്ന് വൈസ് പ്രിൻസിപ്പലായിരുന്ന ജയമോൾ വി കെയുടെ ഒപ്പും സീലിനുമൊപ്പം ലെറ്റർ പാഡിലുള്ള കോളേജ് എംബ്ലവും കൂട്ടിചേർത്താണ് വ്യാജ രേഖ ഉണ്ടാക്കിയത്. 2018 ലാണ് വിദ്യ കാലടി സർവ്വകലാശാലയിൽ എംഫിൽ കോഴ്സിന് ചേർന്നത്. എം ഫിലിന്റെ് ഭാഗമായി ആയിരുന്നു ആസ്പയർ സ്കോളർഷിപ്പ് വഴി മഹാരാജാസിൽ പ്രോജക്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇതിന് ശേഷം കാസർകോട് കരിന്തളം കോളേജിലെത്തിയപ്പോഴാണ് വ്യാജ രേഖ ആദ്യം ഉപയോഗിച്ചത്.
അതേസമയം, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്മലയിൽ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.
മന്ത്രി പറഞ്ഞത്
ആർഷോയുടെ മാർക് ലിസ്റ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സമാനമായ വേറെയും ചില തെറ്റുകൾ വന്നിട്ടുണ്ടെന്നാണ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്. അക്കാര്യത്തിൽ കൂടുതൽ പരിശോധന വേണം. ഒരു ചെറുപ്പക്കാരൻ ഒട്ടും തെറ്റ് ചെയ്യാതെ ഇങ്ങനെ ചിത്രീകരിക്കുന്നത് മോശമാണ്. സർക്കാർ തലത്തിൽ അക്കാര്യത്തിൽ അന്വേഷണം നടത്തും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന് പൊതുവിൽ ഒരു കീർത്തിയുണ്ട്. അതിനാലാണ് മഹാരാജാസ് കോളേജ് സേവനം തുടർന്നതെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
മഹാരാജാസ് കോളേജോ പ്രിൻസിപ്പലോ വ്യാജരേഖ കേസിൽ കുറ്റക്കാരല്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയാണ് തെറ്റ് ചെയ്തത്. അക്ഷന്തവ്യമായ തെറ്റാണ്. പൊലീസ് അന്വേഷണം ആ സംഭവത്തിൽ നടക്കുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുതിർന്ന വ്യക്തിയാണ് വിദ്യ. അങ്ങിനെയൊരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ അത് നിക്ഷിപ്തമാണ്. ഞാനൊരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയുടെ പിഎച്ച്ഡി പ്രവേശന വിഷയത്തിൽ വൈസ് ചാൻസലറെ വിളിച്ചിരുന്നു. സിന്റിക്കേറ്റിന്റെ ലീഗൽ സബ് കമ്മിറ്റി അക്കാര്യം അന്വേഷിക്കുന്നുണ്ട്. സംവരണം പാലിക്കപ്പെടേണ്ടതാണ്. ഓരോ സർവകലാശാലയ്ക്കും ഓരോ നിയമമാണ് പിഎച്ച് ഡി പ്രവേശനത്തിലുള്ളത്. അത് പരിശോധിക്കുന്നുണ്ട്. കാലടി സർവകലാശാലയോട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


