എന്‍.ഡി.ടി.വി.യുടെ പ്രമോട്ടര്‍ കമ്പനിയായ ആര്.ആര്.പി.ആര്. ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്.ആര്.പി.ആര്.എച്ച്.) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍.ഡി.ടി.വി. സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. ഇതിന് പിന്നാലെ പ്രത്രപ്രവർത്തനത്തിനുള്ള മഗസാസെ പുരസ്കാരം ജേതാവ് രവിഷ് കുമാറും രാജി നൽകി.
എന്‍.ഡി.ടി.വി. ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പ് നടത്തുന്ന നീക്കങ്ങള്‍ക്കിടെയാണ് രാജി തീരുമാനം. നവംബര്‍ 29 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. എന്‍.ഡി.ടി.വി. ചെയര്‍പേഴ്സണാണ് പ്രണോയ് റോയ്. രാധിക റോയ് എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. രവിഷിൻ്റെ രാജിയും കമ്പനി അറിയിപ്പ് പ്രകാരം ശരിവെച്ചു.
പുതിയതായി സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയുള്ള തീരുമാനം അംഗീകരിച്ചതായി ആര്.ആര്.പി.ആര്. ഹോള്‍ഡിങ്ങിന്റെ ബോര്‍ഡ് അറിയിച്ചു.
എന്‍.ഡി.ടി.വി.യെ ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രൊമോട്ടര്‍ കമ്പനിയായ ആര്.ആര്.പി.ആര്. ഹോള്‍ഡിങ്ങിന്റെ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിങ്) കൈവശമുള്ള 29.18 ശതമാനം ഓഹരികള്‍ തിങ്കളാഴ്ച അദാനി ഗ്രൂപ്പിനുകീഴിലുള്ള വി.സി.പി.എലിനു (വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) കൈമാറിയതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു. ഇതിനുപുറമെ, വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫര്‍ പ്രകാരം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കണക്കുപ്രകാരം ഇതുവരെ 53.28 ലക്ഷം ഓഹരികള്‍ അദാനി ഗ്രൂപ്പിനു കൈമാറാന്‍ സന്നദ്ധതയറിയിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ട്. നവംബര്‍ 22-നു തുടങ്ങിയ ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ അഞ്ചിനാണ് അവസാനിക്കുക. ഇതോടെ എൻ ഡി ടി വി അദാനിക്കു കീഴിലുള്ള കോർപ്പറേറ്റ് സംവിധാനത്തിന് കീഴിലാവും.


