
അമ്പത്തി ഒന്നാം ചരമ വാർഷികം
സ്മരണ : KPA സമദ്
“പ്യാർ കാ ഇക് ഖൂബ്സൂരത് ഖ്വാബ്
ജൊ മേരി സുലഗ്തി ഹുയി ആംഖ് മെ
ഠണ്ടക് ഭർ ദേ
മൊഹബത് കാ ഇക് പുർതപാക് ലംഹാ
ജൊ മേരി ബേചൈൻ റൂഹ് കൊ
പുർസുകൂൻ കർ ദേ
ബസ് ഇൻഹി ഏക് ദോ ചീസോം കി
മൈനെ ഖരീദാർ ഥി
ഔർ വക്ത് കി ദുകാൻ
ഇൻ ചീസോം സെ ഖാലി ഹൈ”
(“തീയാളും മിഴികളെ തണുപ്പിക്കുന്ന
പ്രണയത്തിന്റെ ഒരു മധുരസ്വപ്നം
ആത്മാവിന്റെ അശാന്തിയെ ശമിപ്പിക്കുന്ന
അടുപ്പത്തിന്റെ ഒരു കറയറ്റ നിമിഷം
ഇങ്ങനെ ഒന്നോ രണ്ടോ വസ്തുക്കൾ
വാങ്ങാനാണ് ഞാൻ വന്നത്
കാലത്തിന്റെ കടയിൽ പക്ഷേ
അവ രണ്ടും ഉണ്ടായിരുന്നില്ല”)
– മീനാകുമാരി
ഇന്ന് മീനാകുമാരിയുടെ 51-ാം ചരമ വാർഷികം.
ദുരന്തനായികയുടെ പര്യായമായി അറിയപ്പെടുന്ന മീനാകുമാരി ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും ഏററവും മികച്ച നടികളിൽ ഒരാളും ഹിന്ദിസിനിമയുടെ സുവർണ്ണയുഗത്തിലെ താരറാണിയുമാണ്. അഭിനയത്തിന്റെ എല്ലാ നിറഭേദങ്ങളും അസാധാരണമായ മികവോടെ അവർ അവതരിപ്പിച്ചു. ട്രാജഡിയും കോമഡിയും ഒരേപോലെ അവർക്കു വഴങ്ങി. അവരുടെ ബൈജു ബാവ്‌ര, പാകീസ, സാഹിബ് ബീബി ഔർ ഗുലാം തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിലെ ക്ലാസിക്കുകളാണ്.
ശാലീനമായ സൗന്ദര്യം, നൈസർഗ്ഗിക മായ അഭിനയചാതുര്യം, നിലയ്ക്കാത്ത ദുരനുഭവങ്ങൾ – ഇവ മൂന്നിന്റെയും ഉൻമത്തമിശ്രിതമായിരുന്നു അവരുടെ പെഴ്സോണ. ഇന്ത്യൻ സ്ത്രീത്വം അനുഭ വിക്കുന്ന ദുരിതങ്ങളെ അനുപമമായ വൈഭവത്തോടെ അവർ ആവിഷ്ക്കരി ച്ചു.
വെള്ള വസ്ത്രവും തെളിഞ്ഞ, തിളക്ക മാർന്ന കണ്ണുകൾ പ്രതിഫലിപ്പിക്കുന്ന ആത്മനൊമ്പരവും വിറയാർന്ന അധര ങ്ങളിൽനിന്ന് പതറിയ ശബ്ദത്തിൽ പുറത്തുവരുന്ന വാക്കുകളിലെ വികാര വും അവരെ ഇന്ത്യൻ സിനിമയിലെ ദുരന്തനായികയുടെ വാർപ്പുമാതൃക യാക്കി. പരിണീത, ആർതി, ശാരദ, കാജൽ, ദിൽ അപ്നാ ഔർ പ്രീത് പരായി, ദിൽ ഏക് മന്ദിർ, പ്യാർ കാ സാഗർ, ദുശ്മൻ…. ഒക്കെയും ആ മാതൃകയുടെ വിജയഗാഥകളാണ്.
അതേ നിപുണതയോടെ അവർ കോമ ഡിയും ചെയ്തു. ആസാദ്, കോഹിനൂർ, ശരാരത്, മേംസാബ് തുടങ്ങിയ ചിത്ര ങ്ങൾ ആ നിരയിലെ നാഴികക്കല്ലുകളാണ്.
അവരഭിനയിക്കുന്ന ചിത്രങ്ങളിൽ അവരായിരുന്നു കേന്ദ്രബിന്ദു. ഓരോ ഫ്രെയിമിലും നിറഞ്ഞൊഴുകുന്ന അവരുടെ പ്രകടനത്തിനും പ്രതിഭയ്ക്കും മുമ്പിൽ കൂടെ അഭിനയിക്കുന്നവർ പതറി. ദിലീപ് കുമാർ മാത്രമാണ് പിടിച്ചു നിന്നത്. കോഹിനൂർ പോലുള്ള കോമഡി ചിത്രങ്ങളിലും അവർ ദിലീപിന്റെ പ്രകടനത്തെ വരുതിയിൽ നിറുത്തി.

പിൽക്കാലത്ത് താരരാജാക്കളായി വളർന്ന സുനിൽദത്തും രാജേന്ദ്ര കുമാറും ധർമ്മേന്ദ്രയും തങ്ങളുടെ താരപദവിക്ക് കടപ്പെട്ടിരിക്കുന്നത് അവരോടാണ്. അവരോടൊപ്പം യഥാക്രമം അഭിനയിച്ച ഏക് ഹി രാസ്ത (1956), ചിരാഗ് കഹാം രോഷ്നി കഹാം (1959), ഫൂൽ ഔർ പത്ഥർ (1959) എന്നീ ജൂബിലി ചിത്രങ്ങളിലൂടെയാണ് മൂന്നുപേരും താരങ്ങളാവുന്നത്.
ഹിറ്റുകളുടെ നീണ്ടനിര വർഷംതോറും അവരുടേതായി പുറത്തിറങ്ങി. പലതും നിർമ്മാതാക്കളുടെ അമിതപ്രതീക്ഷകളെ യും അതിലംഘിച്ച വിജയങ്ങൾ.
അവരുടെ അസാധാരണമായ ജനപ്രിയതയുടെ മറ്റൊരു കാരണം അവരുടെ സ്വകാര്യജീവിതമായിരുന്നു. അത് അവരുടെ സിനിമകളെക്കാൾ സംഘർഷഭരിതവും ദുരന്തപൂർണ്ണവു മായിരുന്നുതാനും.
അഞ്ചുവയസ് പ്രായത്തിൽ സിനിമയിലെത്തിയ അവരെ പിതാവും ബന്ധുക്കളും ഭർത്താവും സഹപ്രവർത്ത കരും ഒരേപോലെ ചൂഷണം ചെയ്തു. സമ്പാദിക്കുന്നതെല്ലാം മറ്റുളളവർ കൈയടക്കി. അതവർ കാര്യമാക്കിയില്ല. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നിയന്ത്രണങ്ങൾ വകവെച്ചില്ല. അതിന് കനത്ത വില നൽകേണ്ടിവന്നു. രണ്ടുദശകങ്ങളായി ഹിന്ദിസിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കേ മരിച്ചപ്പോൾ ഹോസ്പിറ്റൽ ബിൽ അടക്കാൻ ആളില്ലാതെ പോയത് അവരെ ചൂഴ്ന്നുനിന്ന ദുരന്തത്തിന്റെ വ്യാപ്തി നമ്മെ ബോദ്ധ്യപ്പെടുത്തും.
അഞ്ചു വയസ്സുമുതൽ കുടുംബത്തിന്റെ ബ്രെഡ് വിന്നർ ആയതുകൊണ്ട്, കളിക്കാനോ സ്കൂളിൽ പോകാനോ കഴിഞ്ഞില്ല. പഠിക്കാൻ ആഗ്രഹമുണ്ടായി രുന്നതുകൊണ്ട് സ്വന്തമായി പഠിച്ചു. വായനയിലും ഭാഷകളിലും താൽപ്പര്യ മായിരുന്നു. അത് കവിതയിലേക്ക് വാതിൽ തുറന്നുകൊടുത്തു.
പതിനാറു തികയുംമുമ്പേ, കുടുംബത്തെ ദാദറിലെ പഴകിയ ഒറ്റമുറി ഫ്ലാറ്റിൽനിന്ന് സമ്പന്നരുടെ ആവാസകേന്ദ്രമായ ബാന്ദ്രയിൽ ആധുനിക സൗകര്യങ്ങളുള്ള വില്ലയിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുറഞ്ഞ സമയത്തിനകം, ഇഷ്ടപുരുഷ നെ വിവാഹം കഴിച്ച കുറ്റത്തിന് ആ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു.
ഇഷ്ടപുരുഷൻ കമാൽ അംറോഹിയായി രുന്നു. തന്നേക്കാൾ ഇരട്ടിയോളം പ്രായമു ണ്ടായിരുന്നെങ്കിലും അയാളുടെ പ്രതിഭ യും കവിതയിലുള്ള വ്യുൽപ്പത്തിയും അഭിജാതമായ പെരുമാറ്റവുമാണ് അവരെ ആകർഷിച്ചത്. ഒന്നിച്ചുതാമസി ക്കാൻ തുടങ്ങിയതോടെ അത് മിഥ്യയാ ണെന്ന് തെളിഞ്ഞു. വരുന്നതിനും പോകു ന്നതിനും മറ്റുള്ളവരെ കാണുന്നതിനും സിനിമകൾ സ്വീകരിക്കുന്നതിനുമെല്ലാം നിയന്ത്രണം വന്നു. ദേഹോപദ്രവും ഏൽക്കേണ്ടി വന്നു.
മെയ്ക്കപ്പ് റൂമിൽവരെ ചാരൻമാർ പിന്തു ടർന്നപ്പോൾ അവർ ബന്ധം വിഛേദിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രണ്ടുപേരുടെ യും മാനസസന്താനമായ ‘പാകീസ’ നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം പിന്നിട്ടി രുന്നു. അകൽച്ച വ്യക്തിതലത്തിൽ മാത്രമാണെന്നും ചിത്രം പൂർത്തിയാക്കാ ൻ എല്ലാ നിലയിലും സഹകരിക്കുമെന്നും അവർ അംറോഹിയെ അറിയിച്ചു. അതുൾക്കൊള്ളാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല അംറോഹിയപ്പോൾ.
അക്കാലത്താണവർ ധർമ്മേന്ദ്രയുമായി അടുക്കുന്നത്. അന്നയാൾ പുതുമുഖമാ യിരുന്നു. അഭിനയിക്കാൻ അവസരം തേടി സ്റ്റുഡിയോഫ്ലോറുകളിൽ അലയുന്ന സമയം. അരക്ഷിതത്വം അലട്ടിയ അവരെ അയാളുടെ പ്രകൃതവും പഞ്ചാബിയത്തും ആകർഷിച്ചു. അയാളെ പിന്തുണച്ചു. തന്റെ ചിത്രങ്ങളിൽ നായകനാക്കി. അയാളുമായുള്ള അടുപ്പം അവർ മൂടിവെച്ചില്ല. അയാൾ വിവാഹിതനും പിതാവുമാണെന്നതും കാര്യമാക്കിയില്ല. അവരൊന്നിച്ചഭിനയിച്ച ‘ഫൂൽ ഔർ പത്ഥർ’ എന്ന ചിത്രം വൻ വിജയമായ തോടെ ധർമ്മേന്ദ്ര താരമായി.
അതായിരുന്നു അയാളുടെ ലക്ഷ്യം. അത് കൈവരിച്ചതോടെ അവരിൽനിന്ന കന്നു. “അവരെ നിർബാധം ഉപയോഗി ക്കുകയും നിഷ്ക്കരുണം വലിച്ചെറിയു കയും ചെയ്ത മനുഷ്യൻ” എന്നാണ് അവ രുടെ ജീവചരിതമെഴുതിയ വിനോദ്മെഹ്ത ധർമ്മേന്ദ്രയെ വിശേഷിപ്പിക്കുന്നത്.
ഉറക്കം കിട്ടാതെ വലഞ്ഞ നാളുകളിൽ പ്രതിവിധിയായി ഡോക്ടർ നിർദ്ദേശിച്ച തായിരുന്നു ഉറങ്ങാൻ കിടക്കുംമുമ്പ് അൽപ്പം വിസ്കി കഴിക്കാൻ. പ്രക്ഷുബ്ധതകൾ പെരുകുന്നതനുസരി ച്ച് കഴിക്കുന്ന വിസ്കിയുടെ അളവുകൂടി. അതവരെ മദ്യത്തിനടിമയാക്കി.
കവിതയെഴുത്തായിരുന്നു മറെറാരാശ്വാ സം. ആത്മനൊമ്പരങ്ങൾ അസാധാര ണമായ മിഴിവോടെ, കൃതഹസ്തയായ കവിയുടെ കരവിരുതോടെ, അവർ പകർത്തി. നാസ് എന്ന പേരിലാണ് എഴുതിയിരുന്നത്. അവയിൽനിന്ന് തിരഞ്ഞെടുത്ത രചനകൾ അവരുടെതന്നെ സമ്മോഹന ശബ്ദ ത്തിൽ, ഖയ്യാമിൻറ സംഗീതത്തിൽ, I Write I Recite എന്ന പേരിൽ, എഛ്. എം. വി പുറത്തിറക്കി.
സ്വകാര്യ ജീവിതം ഈ വിധം സംഘർഷ ങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രൊഫഷനൽ ജീവിതം അലോസരങ്ങൾ ക്കിടനൽകാതെ അവർ കൈകാര്യം ചെയ്തു. കരിയർഗ്രാഫ് അപ്പോഴും മേലോട്ടുതന്നെയാണ് നീങ്ങിയത്.
ഒരുദിവസം ചോര ഛർദ്ദിച്ച് ആശുപത്രി യിൽ അഡ്മിറ്റായി. ലിവർ സിറോസിസ് മാരകാവസ്ഥയിലെത്തിയിരുന്നു. ഇംഗ്ലണ്ടിൽ പോയി ചികിൽസിച്ചു. മാരകാവസ്ഥ മറികടന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നില്ല. വിശ്രമവും ദിനചര്യകളിലെ നിയന്ത്രണ ങ്ങളുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. കടംകൊണ്ട സമയവുമായി അവർ ബോംബെയിൽ തിരിച്ചെത്തി. മുടങ്ങിക്കി ടന്ന ചിത്രങ്ങൾ പൂർത്തിയാക്കി.
പാകീസയും പൂർത്തിയാക്കണമെന്ന് അവർ അതിയായി ആഗ്രഹിച്ചു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമു ള്ള മനുഷ്യാത്മാവിന്റെ അദമ്യമായ ദാഹ ത്തിന്റെ കഥ പറഞ്ഞ പാകീസ സ്വന്തം ജീവിതകഥയായാണ് അവർ കണ്ടത്. അത് പൂർത്തിയാക്കാനാണ് മരണം സമയം അനുവദിച്ചത് എന്ന് അകം അവരോട് പറഞ്ഞുകൊണ്ടിരുന്നു. സുനിൽദത്തു വഴി അവർ ആഗ്രഹം അംറോഹിയെ അറിയിച്ചു. പാകീസ പൂർത്തിയാക്കേണ്ടത് അംറോഹിയുടെ യും ആവശ്യമായിരുന്നു. പക്ഷേ, എങ്ങനെ? പ്രശ്നങ്ങൾ നിരവധിയായി രുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്നതു കൊണ്ട് അഴിച്ചുപണി ആവശ്യമാണ്. നൃത്തങ്ങളടക്കം ദീർഘമായ ചിത്രീകര ണം ബാക്കിയുണ്ട്. കൂടാതെ അവരുടെ ആകാരവും വല്ലാതെ മാറിപ്പോയി. ശാരീരികാവസ്ഥയും അനുകൂലമല്ല.
എങ്കിലും രണ്ടുപേരും പ്രൊജക്ടുമായി മുമ്പോട്ടുനീങ്ങി. കൈയിലുള്ളതെല്ലാം മീനാജി പാകീസക്കായി നീക്കിവെച്ചു. കടുത്ത വേദനയും വയ്യായ്കയും മറച്ചു പിടിച്ച് അവർ ക്യാമറയ്ക്കുമുമ്പിൽ സാഹബ്ജാനായി പുനർജ്ജനിച്ചു.
1972 ജനുവരി ആദ്യം ചിത്രീകരണം പൂർത്തി യായി. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്തു.
പാകീസ പുറത്തിറക്കുക എന്ന തകർക്കാനാകാത്ത ഇച്ഛയ്ക്കുമുമ്പിൽ രോഗങ്ങൾ പതറി നിൽക്കുകയായി രുന്നു. പടമിറങ്ങിയതോടെ ഇച്ഛ ഫണം താഴ്ത്തി. രോഗങ്ങൾ പിടിമുറുക്കി. അവസ്ഥ മൂർച്ഛിച്ചു. മാർച്ച് 31 ന്, മുപ്പത്തൊമ്പതാം വയസ്സിൽ, അവർ മരണത്തിനു കീഴടങ്ങി.


അവരുടെ ആത്മാവിന്റെ തേങ്ങലുകൾ അവരുടെ ഈ ഈരടികളിൽ നമുക്ക് കേൾക്കാനാകും.
“ഏകാകിതയുടെ അനന്തമായ മരുക്കാട്ടിൽ
കെട്ടുപിണഞ്ഞ ശിരോരേഖയിൽ
കുടുങ്ങി
ശുഭ്രവസ്ത്രത്തിൽ സ്വന്തം
മുറിവുകൾ പൊതിഞ്ഞ്
വീണ്ടും അതേ ഞാൻ
അതേ ചത്വരം
അതേ പേരറിയാശാന്തി.”
“ഉണർന്നിരിക്കും കണ്ണിൽത്തറച്ച
സ്വപ്നത്തിന്റെ സ്ഫടികച്ചീളുപോലെ
ഉന്മാദരാവുകൾ കടന്നുപോകുന്നു.”
“അവൾ ജീവനൊടുക്കി
തകർന്ന തംബുരുപോലെ
ഇടറിയ ഗാനം പോലെ
നുറുങ്ങിയ ഹൃദയം പോലെ
എന്നാൽ ദുഃഖമേതുമില്ലാതെ.”


