എല്ലാ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും. സെപ്റ്റംബര്‍മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബാധകമാക്കുന്ന വ്യവസ്ഥ ക്രമേണ മറ്റു വാഹനങ്ങളിലേക്കും വ്യാപിക്കും. ഓട്ടോറിക്ഷകൾക്ക് മാത്രമാവും ഇളവ്. ബൈക്കിൽ ഇരുവർക്കും ഹെൽമറ്റ് എന്ന പോലെ ഇത് മുന്നിലിരിക്കുന്നവർക്ക് നിയമം മൂലം നിർബന്ധമാവും.
കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടത്തിലെ 125-ല്‍ വരുത്തിയ മാറ്റപ്രകാരം 2005-നുശേഷം രജിസ്ട്രേഷന് നേടിയ വാഹനങ്ങള്‍ക്കെല്ലാം നിബന്ധന ബാധകമായതിനാല്‍ ഉപയോഗത്തിലുള്ള ഭൂരിഭാഗം ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വേണ്ടിവരും. ആംബുലന്‍സുകള്‍ക്കുപോലും ഇളവില്ല. ധരിച്ചില്ലെങ്കിൽ പിഴ വീഴും ഉറപ്പ്. ക്യാമറ കണ്ണുകൾക്ക് വിവേചനം ഇല്ല.
2005-നുശേഷം രജിസ്ട്രേഷന് നേടിയ ബസുകള്‍ക്ക് ഡ്രൈവർക്കും കോ പാസഞ്ചര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ വാഹനനിര്‍മാണ കമ്പനികൾ നൽകി തുടങ്ങിയിരുന്നു. ബോഡി നിർമ്മിക്കുമ്പോൾ ഇവ ഒഴിവാക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സി.യിലും ഇതേ സ്ഥിതിയായിരുന്നു. പുതുതലമുറ ബസുകളില്‍ മുന്‍സീറ്റുകളിലെ യാത്രക്കാര്‍ക്കും വാഹനനിര്‍മാതാക്കള്‍ സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തുന്നുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളത്.


