കണ്ണൂരിൽ ഗർഭിണിയായ ഭാര്യയും ഭർത്താവും കാറിനകത്ത് മരിക്കാനിടയായ സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘം. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്.ടി.ഒ.വിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാറില്‍നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല.
ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായിരുന്ന ഭാര്യ റീഷ (26)എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വാഹനത്തില്‍ തീ പടരാന്‍ കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നാണ് തീ പടര്‍ന്നത്. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിരുന്നില്ല. ഇതാണ് ദുരൂഹത വർധിപ്പിച്ചത്. സ്പീക്കറും ക്യാമറയുമാണ് അഗ്നിക്കിരയായ കാറില്‍ അധികമായി ഘടിപ്പിച്ചിരുന്നത്.


