കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ആക്രമണത്തെ തുടർന്ന് കയ്യിലും കാലിലും മുറിവേറ്റു. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാൻവി എന്ന കുട്ടിക്കാണ് പരിക്കേറ്റത്. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ കുട്ടിയെ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചു കൊന്നത് കഴിഞ്ഞ ദിവസമാണ്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിരുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി പറഞ്ഞിരുന്നു.


