രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 4370 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ രോഗബാധ. രണ്ടുസംസ്ഥാനങ്ങളിലും 1500-ലധികം കേസുകളാണ് റിപ്പോർട്ടുചെയ്തത്.
സ്വയം സൂക്ഷ്മത പുലർത്തുക
മാസ്ക് ഉപയോഗവും സൂക്ഷ്മതയും കുറഞ്ഞിരിക്കയാണ്. ഇത് മറ്റ് രോഗങ്ങളുള്ള പ്രതിരോധ ശേഷി കുറവുള്ള വ്യക്തികൾക്ക് ഗുരുതരമായ വെല്ലുവിളിയാവും. സ്വയം കരുതൽ വളരെ പ്രധാനമാണ്. ഇത്തരം വ്യക്തികൾ പൊതു ഇടങ്ങളിൽ കൃത്യമായും ദൂരം സൂക്ഷിക്കണം.
ഒരുശതമാനത്തിനുമുകളിലാണ് രോഗസ്ഥിരീകരണനിരക്ക്. 34 ദിവസത്തിനുശേഷമാണ് പോസിറ്റിവിറ്റി നിരക്ക് ഒന്നിനുമുകളിൽ എത്തുന്നത്. എന്നാൽ, കേസുകളിലെ വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നാലാംതരംഗത്തിന്റെ സൂചനയല്ല ഇതെന്നും ഐ.സി.എം.ആർ. അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡ പറഞ്ഞു.
അഞ്ചുസംസ്ഥാനങ്ങളിലെ ഏതാനുംജില്ലകളിൽ മാത്രമാണ് കേസുകൾ വർധിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളിൽ മൊത്തത്തിൽ രോഗവ്യാപനം റിപ്പോർട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെസ്റ്റുകൾ വളരെ കുറവാണ്. ഇപ്പോൾ രോഗ ബാധിതർ തന്നെ അവഗണിക്കുന്ന അവസ്ഥയുമുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ് അല്പമെങ്കിലും പരിശോധനകൾ നടക്കുന്നത്.
ചെന്നൈയിൽ 12 പേർക്ക് കോവിഡ് ഉപവകഭേദം
തമിഴ്നാട്ടിൽ 12 പേർക്ക് കോവിഡ് ഉപവകഭേദം ബാധിച്ചതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4 നാലുപേർക്കും ബിഎ.5 എട്ടുപേർക്കുമാണ് ബാധിച്ചത്.
മേയ് 21-നും 26-നും ഇടയിൽ ശേഖരിച്ച സാംപിളുകൾ ജനിതകപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉപവകഭേദം ബാധിച്ചതായി കണ്ടെത്തിയത്.
ചെന്നൈയിലും സമീപജില്ലകളായ ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ്ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
ചെന്നൈ, ചെങ്കൽപ്പെട്ട് ജില്ലകളിലെ കോളേജുകളിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചിരുന്നു. കേരളത്തിലും ഇത്തരം ക്ലസ്റ്ററുകൾ റിപ്പോർട് ചെയ്യുകയുണ്ടായി
ബിഎ.4, ബിഎ.5 എന്നീ ഉപവകഭേദങ്ങൾ പല സംസ്ഥാനങ്ങളിലും അതിവേഗം പടരുന്നുണ്ട്. മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.


