500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്ല് അടയ്ക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നടപ്പിലാക്കുമ്പോള്‍ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാവുന്നത് പരിഹരിക്കും.
ഓണ്‍ലൈന്‍ മാത്രമായി ബില്ലടയ്ക്കാനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കാനും സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് മൂന്ന് ബില്ലുകളില്‍ കൂടി പണം നേരിട്ട് കൗണ്ടറില്‍ അടയ്ക്കാനെത്തുന്നവരില്‍ നിന്ന് അത് സ്വീകരിച്ച ശേഷം ഓണ്‍ലൈന്‍ വഴി തുക ഒടുക്കാന്‍ ബോധവത്കരണം നടത്തണമെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ഇതുകൂടാതെ ക്യാഷ് കൗണ്ടറിലൂടെയുള്ള എല്ലാ പണമിടപാടുകളും ഓണ്‍ലൈന്‍ ആക്കി മാറ്റാനായി ബോധവത്കരണം നടത്താനുള്ള കര്‍ശന നിര്‍ദേശവും സെക്ഷന്‍ ഓഫീസര്‍മാര്‍ നല്‍കണം.


