കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള 65 പട്രോളിങ് പോയന്റുകളിൽ 26 എണ്ണം നഷ്ടപ്പെട്ടതായി റിസർച്ച് റിപ്പോർട്ട്. ഇൻ്റലിജൻസ് ബ്യൂറോ (IB) വിളിച്ചു ചേർത്ത ഡി ജി പിമാരുടെ സംയുക്ത യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത യോഗമാണ്.
അതിർത്തിയിൽ ചൈനയുമായി തുടരുന്ന സംഘർഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നത്.
കാരകൊറം പാസ് മുതൽ ചുമുർ വരെ ദിവസവും ഇന്ത്യൻ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതിൽ 26 എണ്ണത്തിന്റെ നിയന്ത്രണം രാജ്യത്തിന് നഷ്ടമായി. സുരക്ഷാ സേന പട്രോളിങിന് എത്താത്ത് കൊണ്ടോ കടുത്ത സാഹചര്യങ്ങളാലോ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നത്.
പട്രോളിങ് പോയിൻ്റ് നമ്പർ PP no. 5-17, 24-32, 37, 51, 52, 62 എന്നിവയുടെ നിയന്ത്രണമാണ് നഷ്ടമായത്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗത്തിലാണ് വിവരങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യൻ സെക്യൂരിറ്റി ഫോഴ്സുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് ചൂണ്ടി കാട്ടൽ. ദേശീയ മാധ്യമങ്ങൾക്ക് റിപ്പോർട്ട് വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്താവുന്നത്. ജനവരി 20-22 തീയതികളിലായാണ് യോഗം നടന്നത്.
ഇന്ത്യൻ സേനയുടെ സാന്നിധ്യം കാണാത്തതിനെത്തുടർന്ന് ഈ മേഖലകളിൽ ചൈനീസ് സംഘം എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബഫർ സോണിൽ പോലും ഇന്ത്യൻ പട്രോളിങ് ചൈന എതിർക്കുന്നുണ്ട്. അത് വഴി ഇന്ത്യയുടെ പിൻവാങ്ങൽ ഉറപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമാന തന്ത്രം തന്നെയാണ് ഇപ്പോൾ ഗാൽവനിൽ ചെനീസ് സേന പ്രയോഗിച്ചത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിർത്തി പിടിച്ചെടുക്കാൻ “സലാമി സ്ലൈസിങ്”
ഓരോ ഇഞ്ചായി ഭൂമി കയ്യടക്കുന്നതിനെ സലാമി സ്ലൈസിങ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതാണ് ചൈന പ്രയോഗിക്കുന്നത്. ചുഷുൽ മേഖലയിൽ ഇതിനായ ചൈനയുടെ പീപ്പീൾസ് ലിബറേഷൻ ആർമിയുടെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതു വഴി നീരീക്ഷണം ശക്തമാണ്. ചൈനയുടെ നീക്കം ചെറുക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതാണ് എന്ന നിർദ്ദേശവും റിസർച്ച് പേപ്പർ മുന്നോട്ട് വെച്ചു.
അരുണാചൽ, സിക്കിം, ലഡാക്ക് മേഖലകളിലാണ് കൂടുതലായും ചൈന ഈ തന്ത്രം പ്രയോഗിക്കുന്നത്. റിപ്പോർട്ട് സംബന്ധിച്ച് യോഗത്തിൽ പ്രത്യേക ചർച്ചകൾ ഉണ്ടായില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ശ്രദ്ധ ഛിന്നഭിന്നമാക്കി അറിയപ്പെടാത്ത വിധം നിസ്സാരമായ അളവുകളിലായി സാവധാനം ഭൂഭാഗങ്ങൾ സ്വന്തമാക്കുന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്ന സലാമി സ്ലൈസിങ് സമീപനം


