മലബാറിലെ ആയിര കണക്കിന് കർഷകരെ കുടി ഒഴിപ്പിക്കാൻ വനം വകുപ്പിന് ഏകപക്ഷീയ അധികാരം നൽകുന്ന നിയമ ഭേദഗതിയിൽ പ്രതിഷേധം കനക്കുന്നു. മൃഗ ശല്യവും സാമ്പത്തിക പ്രശ്നവും മൂലം കൃഷി മുടങ്ങിയ ഭൂമികൾ സുപ്രീം കോടതി ഉത്തരവിനെയും മറികടന്ന് വഭൂമിയായി നിക്ഷിപ്തമാക്കാൻ അധികാരം നൽകുന്ന ഭേദഗതി ഭൂ ഉടമകളെ വെറും കയ്യോടെ കുടി ഒഴിപ്പിക്കാൻ അവസരം നൽകും.
റവന്യൂ വകുപ്പിന്റെ പട്ടയങ്ങള്‍ വനംവകുപ്പിന് ബാധകമല്ലെന്നാണ് ബില്ലില്‍ ഇപ്പോഴത്തെ ഭേദഗതി
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൻ്റ അവസാനദിവസം പാസാക്കിയ 1971-ലെ കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും ബില്‍ ഭേദഗതിയാണ് കർഷകരുടെയും ഭൂ ഉടമകളുടെയും ജനാധിപത്യ അവകാശങ്ങളെ പോലും കുടി ഒഴിപ്പിക്കുന്നത്.
അച്യുതമേനോന് സര്‍ക്കാരിൻ്റെ കാലത്താണ് കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും നിയമം പാസാക്കിയത്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കര്‍ഷകരുടെ പക്കല്‍ കൃഷിചെയ്യാതെ കിടന്നിരുന്നു. ഇങ്ങനെയുള്ള ഭൂമി ഒരു നിശ്ചിത തീയതിക്കുശേഷം കൃഷിചെയ്തില്ലെങ്കില്‍ വനമായി നിക്ഷിപ്തമാക്കപ്പെടുമെന്നായിരുന്നു അന്നത്തെ നിയമം. അന്ന് കാർഷിക ഭൂമി വെറുതെ നികുതി അടച്ച് തരിശ് ഇടുന്ന പതിവായിരുന്നു.
ഇവയിൽ, അന്നത്തെ നിയമം പാസായപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടായിരുന്ന 5,10,000 ഏക്കര്‍ ഭൂമി വനഭൂമിയായി സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഈ ഭൂമി കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പതിച്ചുകൊടുക്കുമെന്നായിരുന്നു നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ പതിച്ചുകൊടുക്കലും നടന്നില്ല. പഴയ ഉടമകളില്‍ പലര്‍ക്കും പട്ടയമുള്ള ഭൂമിയായിരുന്നു ഇത്.
ഭേദഗതി സുപ്രീം കോടതി ഉത്തരവ് നൽകിയ സംരക്ഷണത്തെ മറികടക്കാൻ
കേരളസര്‍ക്കാരിനെതിരേ മുഹമ്മദ് ബഷീര്‍ എന്ന വ്യക്തി അന്ന് നല്കിയ കേസില്‍ റവന്യൂ പട്ടയം അടിസ്ഥാനരേഖയാണെന്നും അത്തരം കൃഷിഭൂമിയില്‍ വനംവകുപ്പ് ജണ്ടയിടാനോ കൈവശപ്പെടുത്താനോ പാടില്ലെന്നും 2019-ല്‍ സുപ്രീംകോടതിയുടെ അന്തിമവിധി പുറപ്പെടുവിച്ചു.
റവന്യൂ വകുപ്പിന്റെ പട്ടയങ്ങള്‍ വനംവകുപ്പിന് ബാധകമല്ലെന്നാണ് ബില്ലില്‍ ഇപ്പോഴത്തെ ഭേദഗതി. വനം വകുപ്പ് ഒരു ഭൂമി കൃഷി ഭൂമി അല്ലെന്ന് തീരുമാനിച്ചാൽ കർഷകൻ്റെ ലാഭ നഷ്ടങ്ങൾ ഒന്നും പ്രശ്നമല്ല. അവർ പുറത്താവും. 50 സെന്റില്‍ താഴെയുള്ള കര്‍ഷകരെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തോട്ടം മേഖലകളിൽ 50 സെൻ്റ് ഭൂമി എന്നത് വളരെ തുച്ഛമായ സ്ഥലമാണ്. 50 സെന്റിനുമേല്‍ ഭൂമിയുള്ള നിരവധി കര്‍ഷകരെ ബില്‍ ദോഷകരമായി ബാധിക്കും. കാസര്‍കോടുമുതല്‍ മലപ്പുറംവരെയുള്ള ജില്ലകളിലെ കര്ഷകരെയായിരിക്കും കൂടുതല്‍ ബാധിക്കുക. ഇത്തരം 7800 കര്‍ഷകരുടെ കേസുകള്‍ ഫോറസ്റ്റ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഇപ്പോൾ തന്നെ നിലവിലുണ്ട്


