കശ്മീരിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ജലീലിന്റെ പരാമര്‍ശങ്ങള്‍ തന്നെ ആശ്ചര്യപ്പെടുത്തി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അജ്ഞതയില്‍ നിന്നാണോ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗം ഒഴിവാക്കി. ഞായറാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്.
ഡല്‍ഹിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുന്‍ മന്ത്രിയുടെ നിയമസഭാ സമിതി അധ്യക്ഷനുമായ എ.സി.മൊയ്തീന്‍ പറഞ്ഞു.
വിവാദ പോസ്റ്റിന്റെ പേരില്‍ ജലീലിനെതിരേ രണ്ട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.. സുപ്രീംകോടതി അഭിഭാഷകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ ജി.എസ്. മണി ഡൽഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.
വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് ജലീൽ പ്രതികരിച്ചിട്ടില്ല. നിയമസഭാ പ്രവാസിക്ഷേമകാര്യ സമതിയംഗമായ ജലീല്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ പോയശേഷം ശനിയാഴ്ച രാത്രി പത്തോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. വിമാനത്താവളത്തില്‍നിന്ന് രാത്രി തങ്ങാനായി കേരള ഹൗസിലെത്തിയപ്പോഴും ചോദ്യങ്ങളോട് മുഖംതിരിച്ചു. പുലര്‍ച്ചെ തന്നെ അദ്ദേഹം നാട്ടിലേക്ക് വിമാനം കയറി.


