തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 31ന് വൈകിട്ട് വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം, തുടർന്ന് പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശ മാറി ഫെബ്രുവരി ഒന്നിന് തീരം തൊടുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീമിവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.
31-01-2023 മുതൽ 04-02-2023 വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.


