എൻജിനീയറിങ് പ്രവേശനത്തിന് കേരളത്തിൽ വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ കീം അടിമുടി മാറാൻ കാലമായി. അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പരീക്ഷയായി നടത്താൻ പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചു.
പരീക്ഷ നടത്തിപ്പിന് സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഉൾപ്പെടെ ഏഴ് ഏജൻസികൾ താൽപര്യപത്രം സമർപ്പിച്ചിട്ടുമുണ്ട്. നടപടികൾ വേഗത്തികുമോ അതോ ചട്ടപ്പടി നടപടികളിൽ കുരുങ്ങുമോ എന്നതാണ് ആശങ്ക.
രണ്ട് പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിതം
ജനുവരിയിലും മേയിലുമായി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ രണ്ട് അവസരങ്ങൾ നൽകണം. ഇതിൽ ഉയർന്ന സ്കോർ റാങ്കിന് പരിഗണിക്കണം. പരീക്ഷയിലെ യഥാർഥ സ്കോറിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന ‘പെർസന്റയിൽ’ സ്കോർ സമീപനം സ്വീകരിക്കണം.
ഫാർമസി പ്രവേശന പരീക്ഷ പ്രത്യേകം
ഫാർമസി പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ നടത്തണം. നിലവിൽ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒ.എം.ആർ അധിഷ്ഠിത കറുപ്പിക്കൽ പരീക്ഷയാണ്. ഇതിൽ പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയിലെ സ്കോർ ഫാർമസി കോഴ്സ് പ്രവേശനത്തിനായി പരിഗണിക്കുന്നു.
പരീക്ഷ ഘട്ടങ്ങളായി
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടിവരും. അതിനാൽ അന്തിമ റാങ്ക് പട്ടിക തയാറാക്കാൻ ശാസ്ത്രീയമായ സ്റ്റാൻഡേഡൈസേഷൻ രീതികൾ പാലിക്കണം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് കുറഞ്ഞ മനുഷ്യവിഭവ ശേഷിയും സമയവും മതിയാകുമെന്ന് പ്രവേശന പരീക്ഷ കമീഷണർ കെ. ഇൻപശേഖർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒ.എം.ആർ പരീക്ഷയിൽ കുട്ടി അശ്രദ്ധമായി രേഖപ്പെടുത്തുന്ന ബബിളുകൾ പോലും നെഗറ്റിവ് മാർക്കിന് കാരണമാകും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ വിദ്യാർഥി ലോഗിൻ ചെയ്യുമ്പോൾതന്നെ റോൾ നമ്പർ, ചോദ്യ ബുക്ക്ലെറ്റ് നമ്പർ, വേർഷൻ കോഡ് എന്നിവ സിസ്റ്റത്തിൽ ലഭ്യമാകും.
ഉത്തരങ്ങൾ മാറ്റാം, മോക് ടെസ്റ്റ് ചെയ്യാം
പുതിയ രീതിയിൽ പരീക്ഷ അവസാനിക്കുന്നതിനു മുമ്പ് ഏതു സമയത്തും ഉത്തരങ്ങൾ മാറ്റാനും കഴിയും. പരീക്ഷയുടെ ഡേറ്റ ഡിജിറ്റൽ ഫോർമാറ്റിൽ തന്നെ ലഭ്യമാകുമെന്നതിനാൽ ഫലം വളരെ വേഗത്തിൽ തയാറാക്കാനാകും. പരീക്ഷക്ക് മുന്നോടിയായി വിദ്യാർഥികൾക്ക് മോക് ടെസ്റ്റിനും അവസരമുണ്ടാകും.
ജെ ഇ ഇ പരിശീലനവുമാവും
ജെ.ഇ.ഇ മെയിൻ പരീക്ഷ ഘടനയിലായിരിക്കണം കേരള എൻട്രൻസ് പരീക്ഷ. ഓരോ വിഷയത്തിനും രണ്ട് സെക്ഷൻ ഉണ്ടാകും. സെക്ഷൻ ‘എ’യിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്ഷൻ ‘ബി’യിൽ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ട ചോദ്യങ്ങളും.
‘ബി’ സെക്ഷനിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയിറ്റേജോടെ വിദ്യാർഥികൾ 10ൽ ഏതെങ്കിലും അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. നെഗറ്റിവ് മാർക്കിങ് ഉണ്ടായിരിക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമാണ് പരീക്ഷക്ക് ശിപാർശ ചെയ്തിരിക്കുന്നത്.
ഫിസിക്സിനും കെമിസ്ട്രിക്കും മാത്സിനും 100 മാർക്ക് വീതം ആകെ 300 മാർക്കിന്റെ ചോദ്യങ്ങൾ. ഓരോ വിഷയത്തിൽനിന്നും 20 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 10 വീതം പൂരിപ്പിച്ച് ഉത്തരം രേഖപ്പെടുത്തേണ്ട ന്യൂമറിക്കൽ വാല്യൂ ചോദ്യങ്ങളും.
ഇതിൽ പൂരിപ്പിച്ച് രേഖപ്പെടുത്തേണ്ട 10ൽ അഞ്ചെണ്ണം ചോയ്സ് രീതിയിൽ തെരഞ്ഞെടുത്ത് ഉത്തരം രേഖപ്പെടുത്താം. മൂന്നു വിഷയങ്ങളിൽനിന്നുമായി ആകെ 75 ചോദ്യങ്ങൾക്കായി 300 മാർക്കിനാണ് നൽകേണ്ടി വരിക.


