നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമിക്കപ്പെട്ട നടി തന്നെയാണ് സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. തുടരന്വേഷണ റിപ്പോർട്ട് വേഗത്തില്‍ സമര്‍പ്പിക്കരുതെന്നും കൃത്യമായ അന്വേഷണം നടത്തി മാത്രമേ റിപ്പോര്‍ട്ട് നല്‍കാവൂ എന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമുണ്ടായി. എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ അടക്കം ചോദ്യംചെയ്യേണ്ട ഘട്ടമെത്തിയപ്പോള്‍ ഉന്നതതല ഇടപെടലുണ്ടായി. ഇതുവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അഭിഭാഷകരെ ചോദ്യംചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. അതിനാല്‍ വേഗത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുത്. ഇനിയും നിരവധി തെളിവുകള്‍ പരിശോധിക്കാനുണ്ട്. അതെല്ലാം പൂര്‍ത്തീകരിച്ച് കൃത്യമായ അന്വേഷണം നടത്തണം. അതിനുശേഷം മാത്രമേ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 31-നകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള നീക്കമായി ഇത് മാറുന്നതായി വിലയിരുത്തലുണ്ടായി. ഇതിനിടെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടായെന്ന് ആരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്
കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധബന്ധമാണുള്ളത്. മുഴുവന്‍ തെളിവുകളിലേക്കും അന്വേഷണം നടത്താതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദമുണ്ട്. ആരോപണവിധേയരായ ദിലീപിന്റെ അഭിഭാഷകര്‍ക്ക് സര്‍ക്കാരുമായി അടുത്തബന്ധമാണുള്ളത്. പാതിവെന്ത കുറ്റപത്രം നല്കുന്നതിനെതിരേ കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകണം. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത് വേദനാജനകമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
വിചാരണ കോടതി ജഡ്ജി അന്വേഷണത്തെ തടസപ്പെടുത്തി പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയിട്ടും അത് മറച്ചുവെച്ചു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ജഡ്ജി അതില്‍ നടപടിയെടുത്തില്ലെന്നും നടി ആരോപിക്കുന്നു. അതിനാല്‍ വേഗത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുത്. ഇനിയും നിരവധി തെളിവുകള്‍ പരിശോധിക്കാനുണ്ട്. അതെല്ലാം പൂര്‍ത്തീകരിച്ച് കൃത്യമായ അന്വേഷണം നടത്തണം. അതിനുശേഷം മാത്രമേ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ദിലീപിൻ്റെ സുഹൃത്ത് ശരത് 15ാം പ്രതി, റിപ്പോർട്ട് സമർപ്പിച്ചു
കേസില്‍ നടന് ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ശരത്തിനെ 15ാം പ്രതിയായി ഉള്‍പ്പെടുത്തിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ശരത്തിന്റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ട വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതി ഈ റിപോര്‍ട്ട് സെഷന്‍സ് കോടതിക്ക് കൈമാറും.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ശരത്.നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശരത്.നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
നടക്കുന്നത് പിന്മാറ്റമോ അട്ടമറിയോ
തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണവും നിർത്തും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. ഭരണ രംഗത്ത് പ്രമുഖ സ്ഥാനങ്ങളിൽ ചില മാറ്റങ്ങൾ വന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
നിയമം അതിൻ്റെ വഴിക്ക് പോകും – ജയരാജൻ
ഇതിനിടെ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് നിയമവിരുദ്ധമായ ഒരു ഇടപെടലും കേസില്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ജയരാജന് പറഞ്ഞു. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും നടിക്ക് നീതി കിട്ടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഇ.പി. ജയരാജന് പറഞ്ഞു.


