കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 4.30ന് ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ടി-20 ലോകകപ്പിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.
ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബാറ്റര്‍ എസ് മേഘ്ന, ഓള് റൗണ്ടര്‍ പൂജ വസ്ട്രക്കര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്.
“ഈ ടൂർണമെന്റ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഇത്തവണ ഞങ്ങൾ മെഡലിനായി കളിക്കുകയാണ്. എന്നെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത്തരത്തിലുള്ള ടൂർണമെന്റുകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. ഇങ്ങനെ ഞങ്ങൾക്കും അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒരു വലിയ ഇവന്റിന്റെ ഭാഗമാവുകയാണ്. ഭാവിയിൽ, ഇത്തരം അവസരങ്ങൾ ഞങ്ങൾക്ക് ഇനിയും ലഭിച്ചാൽ, അത് ഞങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു.”- ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്.
ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് ചാമ്പ്യൻ പട്ടം ചൂടിയത്.
ഇന്ന് തുടക്കം, ആദ്യ ചുവട്
ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ തുടക്കമാവുകയാണ്. ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റ് മത്സരയിനമാകുന്ന ആദ്യ ഗെയിംസാണ് ഇത്തവണത്തേത്. ഇതിന് മുൻപൊരിക്കൽ പുരുഷ ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായിരുന്നു. 1998 ൽ ക്വലാലംപൂരിൽ നടന്ന ഗെയിംസിലായിരുന്നു ഇത്. അന്ന് ഓസ്ട്രേലിയയെ തോല്പിച്ച് ദക്ഷിണാഫ്രിക്കയാണ് സ്വർണ മെഡൽ നേടിയത്. ഈ വർഷം ക്രിക്കറ്റ് തിരിച്ചെത്തുന്നതിനാൽ കോമൺവെൽത്ത് ഗെയിംസിനായി ക്രിക്കറ്റ് പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.


