ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്ര ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള സ്വന്തം താമസ സ്ഥലത്തിന് അടുത്താണ് അപകടം.
ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിനായി കളിച്ചു.
ഈ വര്‍ഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണ വാർത്തയ്ക്ക് പിറകെ എത്തിയ അപകടം ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്നതായി.
2003,2007 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു.
198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്‌സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി.
തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.
ഏകദിനത്തില്‍ 1998 -ല്‍ പാകിസ്താനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.


