സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക വാഗ്ദാനം ചെയ്താണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷം ഫ്രീഏജന്റായിരുന്നു. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തില്‍ ആഞ്ഞടിച്ചതോടെയാണ് റൊണാള്‍ഡോ അവിടെനിന്ന് പുറത്തായത്.
റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 7 എന്ന നമ്പരുള്ള ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പുതുവത്സര തലേന്ന് രാവിലെ തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിലൂടെ അൽ നസർ പ്രഖ്യാപനം നടത്തിയത്.
ചരിത്രം സംഭവിക്കുന്നു. ഇത് ക്ലബ്ബിന് മാത്രമല്ല, ഞങ്ങളുടെ ലീഗിനും ഞങ്ങളുടെ രാജ്യത്തിനും വരും തലമുറയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് പ്രചോദനമാകും. അൽ നസറിലേക്ക് റൊണാൾഡോയ്ക്ക് സ്വാഗതം എന്നായിരുന്നു ട്വീറ്റ്
‘മറ്റൊരു രാജ്യത്തെ പുതിയ ഫുട്ബോള്‍ ലീഗിനൊപ്പമുള്ള പുത്തന്‍ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് റൊണാൾഡോ പ്രതികരിച്ചത്. 2025 വരെയാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലുണ്ടാകുക. താരത്തിൻ്റെ ചാമ്പൻസ് ലീഗ് ലക്ഷ്യങ്ങൾ ഇതോടെ അവസാനിപ്പിക്കേണ്ടി വരും.
‘യൂറോപ്യൻ ഫുട്ബോളിൽ ഞാൻ ലക്ഷ്യമിട്ടതൊക്കെയും നേടിയെടുത്തു. ഇനി എന്റെ പരിചയസമ്പത്ത് ഏഷ്യയിൽ വിനിയോഗിക്കാനുള്ള സമയമാണെന്നു കരുതുന്നു. പുതിയ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവർക്കൊപ്പം ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനും’ – റൊണാൾഡോ പ്രസ്താവനയിൽ അറിയിച്ചു.



