കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു.
വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസര്‍ രാജിവെച്ചത്.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ നിയമ നിർമ്മാണത്തിന് കേരളം
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ കേരളം ഒരുങ്ങുന്നു. ഇതിനായി ഡിംസബറിൽ നിയമസഭാ സമ്മേളനം വിളിച്ചേക്കും. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ നിലപാടെടുക്കും. ഗവർണർക്ക് പകരം ആരെ ചാൻസലർ ആക്കും എന്നതിൽ ചർച്ച തുടരുന്നു.
നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കും. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ തീരുമാനമായില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമ്മീഷൻ്റെയും എൻ കെ ജയകുമാർ കമ്മീഷൻ്റെയും റിപ്പോർട്ടുകൾ സർക്കാറിൻ്റെ പരിഗണനയിലാണ്.
ശ്യാം ബി മേനോൻ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് ഓരോ സർവകലാശാലക്കും പ്രത്യേകം പ്രത്യേകം ചാൻസലർമാരാണ്. അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാൻസലറാക്കണമെന്നാണ് ശുപാർശ. മുഖ്യമന്ത്രിയെ വിസിറ്റർ ആക്കണമെന്നും ശുപാർശയുണ്ട്. ജയകുമാർ കമ്മീഷൻ റിപ്പോർട്ടിൽ ചാൻസലർ ഗവർണർ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശുപാർശ. പ്രതിപക്ഷത്തിൻ്റെ പിന്തുണയോടെ ബിൽ പാസ്സാക്കനാണ് സർക്കാർ നീക്കം. അതേസമയം, സഭ ബിൽ പാസ്സാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം. എന്നാൽ ഗവർണർക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനും തടസ്സമുണ്ട്.
രാഷ്ട്രീയമായി തിരിച്ചടിച്ച് മുഖ്യമന്ത്രി; കുതിരക്കച്ചവടം നടക്കാത്ത സ്ഥലങ്ങളിൽ ഗവർണർമാരെ ഉപയോഗിക്കുന്നു
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രഗത്ത് എത്തി.ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുകയാണ്.
രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുന്നു. ഈ സ്ഥാപനങ്ങൾ നിർമ്മിക്കാൻ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
2 ലക്ഷം തൊഴിവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴുവുകൾ ഇപ്പോഴും നിയമനം നൽകാതെ കിടക്കുകയാണ്. സ്വകാര്യവത്കരണമല്ലാതെ ബദൽ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി നൽകുകയാണ്. കേന്ദ്രം വിൽക്കാൻ വച്ച രണ്ട് സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാന സർക്കാർ മാതൃക പരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. സംസ്ഥാന ഏറ്റെടുക്കാൻ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ബദലുകൾ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാൻ ചിലർ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി. ഇതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള രാഷ്ടീയ ഉത്തരവാദിത്വം തൊഴിലാളി സംഘടനകൾകൾക്കുണ്ട്. ഐ എസ് ആർ ഓ ജീവക്കാരുടെ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു മുഖ്യമന്ത്രി
ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്രം ആനുകൂല്യം ഒതുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വാതന്ത്യസമര സേനാനികളെ ചരിത്രത്തിൽ നിന്നും മാറ്റുന്നുവെന്നും മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ കാൽകീഴിൽ ജീവിച്ചവരെ ധീര രാജ്യ സ്നേഹികൾ ആക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു


