ഗവർണറെ രൂക്ഷഭാഷയിൽ വിമർശിച്ചും ആർ എസ് എസ് രാഷ്ട്രീയത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ഗവർണറുടെ പത്രസമ്മേളനത്തെ ലക്ഷ്യം വെച്ചായിരുന്നു മുഖ്യ പരാമർശം.
രാജ് ഭവനിലെ വാർത്താ സമ്മേളനം അസാധാരണമാണ്. സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്നത് ഇരുന്നു കൊണ്ട് പറഞ്ഞു എന്ന വ്യത്യാസമേയുള്ളൂ.
‘സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്.
ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്”. അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നുമാണ് ഗവർണർ വിളിച്ചത്. ആർ.എസ്.എസിൻ്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും. അതുകൊണ്ടാണ് അവർക്കെതിരെ ഗവർണർ ആക്രമണം നടത്തുന്നത്.
മന്ത്രിസഭയുടെ ശുപാർശയും നിർദേശവും അടിസ്ഥാനമാക്കി വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർ ഒപ്പിടുന്ന കാര്യങ്ങൾക്ക് ഉത്തരവാദിത്വം സർക്കാരിനാണ്.
ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണ്
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അത് പറയാത്തത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും പിണറായി പറഞ്ഞു.
സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാന്‍സലര്‍ നിയമനം നടന്നത്. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കണ്ണൂര്‍ വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. വിസി തന്റെ നാട്ടുകാരനാണെന്നും നിയമനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
പൗരത്വ നിയമഭേദഗതി വീണ്ടും പൊടി തട്ടിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ കേരളം നെഞ്ചുവിരിച്ച് നേരിടും ന്യൂനപക്ഷ മതവിഭാഗങ്ങളെ രാജ്യത്തെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ഗവർണറെ ഓർമ്മപ്പെടുത്തിയത്….
മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരു അവകാശവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളാകണം ഗവർണർ എന്നാണ് സർക്കാരിയ കമ്മിഷൻ പറഞ്ഞിട്ടുള്ളത്. ഇതെല്ലാം കാറ്റിൽ പറത്തുന്ന അനുഭവം ദീകരമാണ്.
ഗവർണർ വാർത്താ സമ്മേളനത്തിൽ വാൽസല്യം ചൊരിഞ്ഞത് ആർ.എസ്.എസിനാണ്. ഇതു ശരിയാണോ എന്ന് അദ്ദേഹം പരിശോധിക്കണം. രാജ് ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുകയാണ് ഗവർണർ. രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി കൊള്ളുന്ന ഗവർണർ ഒരറ്റത്ത് എപ്പോഴുമുള്ള ആർ.എസ്.എസിനെ പ്രകീർത്തിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനാണ് ആർ.എസ്.എസ് ശ്രമം. ഗവർണർമാരെ ഉപയോഗിച്ച് സംഘപരിവാർ ബന്ധമുള്ളവരെ വി.സിയാക്കാനാണ് നോക്കുന്നത്. കേരള സർവകലാശാലയിൽ ഏകപക്ഷീയമായി വി.സിയെ നിയമിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിൻ സീറ്റ് ഡ്രൈവിനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.


