അദാനി ഗ്രൂപ്പിൽനിന്ന് ഗുജറാത്ത് സർക്കാർ വാങ്ങുന്ന വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത് വിവാദത്തിൽ. ഒരുവർഷത്തിനിടെ നിരക്ക് വർധിപ്പിച്ച് നൽകിയത് 102 ശതമാനമാണ്. വില കൂടിയപ്പോഴും അധിക വൈദ്യുതി വാങ്ങി സർക്കാർ കൂടെ നിന്നു. നിയമസഭയിൽ വെച്ച കണക്ക് പുറത്തായതോടെയാണ് ജനങ്ങൾ ഞെട്ടിയത്. എല്ലാ ഭാരവും അവരുടെ തലയിലായിരുന്നു.
2021-’22-ൽ അദാനി പവറിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 3.58 രൂപയിൽനിന്ന് 7.24 രൂപയായി വർധിച്ചു. വില കൂടിയിട്ടും 2022-ൽ മുൻ വർഷത്തെക്കാൾ 7.5 ശതമാനം വൈദ്യുതി അദാനിയിൽനിന്ന് സർക്കാർ അധികം വാങ്ങി. 2021-ൽ 55,870 ലക്ഷം യൂണിറ്റ് വാങ്ങിയിരുന്നത് 2022-ൽ 60,070 ലക്ഷം യൂണിറ്റായി. 8160 കോടി രൂപ വൈദ്യുതിനിരക്കായി 2021-22 വർഷം കമ്പനിക്ക് ഗുജറാത്ത് നൽകിയിട്ടുണ്ട്.
2007-ൽ കരാറിലെത്തുമ്പോൾ കാൽനൂറ്റാണ്ടത്തേക്ക് യൂണിറ്റിന് 2.35 രൂപയ്ക്കും 2.89 രൂപയ്ക്കും ഇടയിലേ വാങ്ങൂവെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില വർധിച്ചതിനെത്തുടർന്ന് 2018-ൽ വ്യവസ്ഥ പുതുക്കി. ഈ അമിതഭാരം ഉപഭോക്താക്കളാണ് വഹിക്കുന്നത്. ഫ്യുവൽ ആൻഡ് പവർ പർച്ചേസ് പ്രൈസ് അഡ്ജസ്റ്റ്മെന്റ് ചാർജ് കൂട്ടുകയാണ് പതിവ്. 2021-‘22 കാലത്ത് സർക്കാർ ഈ നിരക്ക് എട്ടുതവണ വർധിപ്പിച്ച് നൽകുകയുണ്ടായി.


