ഗ്രാമദേവതയുടെ വിഗ്രഹം അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് ബാലനെ മർദ്ദിക്കുകയും 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സംഭവം പരാതിയായതോടെ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉള്‍പ്പെടെ എട്ടാളുടെപേരില്‍ മാസ്തി പോലീസ് കേസെടുത്തു.
കർണ്ണാടകയിലെ കോലാർ ജില്ലയിൽ മാലൂര്‍ താലൂക്കിലെ ഉള്ളെരഹള്ളിയിലാണ് സംഭവം. ഗ്രാമത്തിലെ ഭൂതമ്മ ക്ഷേത്രത്തിലെ വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചതിനാണ് മർദ്ദനവും തുടർന്ന് പിഴയിടലും. സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ശോഭ പോലീസില്‍ പരാതിനല്‍കിയതോടെയാണ് പുറത്തറിഞ്ഞത്.
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പര്ശിച്ചുവെന്നതാണ് അക്രമത്തിന് കാരണമാക്കിയത്. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവര്‍ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് 60,000 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാല്‍ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രദക്ഷിണസമയത്ത് നിലത്തുവീണ ദണ്ഡ് മകന് എടുത്തുകൊടുക്കുകയാണ് ചെയ്തതെന്ന് ശോഭ പറഞ്ഞു.
ഈ കാരണത്താല്‍ നാരായണസ്വാമിയും സംഘവും മകനെ മര്‍ദിച്ചു. ഒക്ടോബര്‍ ഒന്നിനകം 60,000 രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയതായും ശോഭ പോലീസില്‍ നല്കിയ പരാതിയിലുണ്ട്.


