ചെക് ഡാമിന് ചേർന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിൽ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലാണ് അപകടം. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെക് ഡാമിന് ചേർന്നുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഒഴുക്കും ചുഴിയുമുള്ള വിശാലമായ പ്രദേശമാണ്. പടവുകൾ കഴിഞ്ഞ് ചെങ്കുത്തായ ഭാഗമാണ്.
എ. മോനിഷ(16), ആര്‍. പ്രിയദര്‍ശിനി (15), സഹോദരിയായ ആര്‍. ദിവ്യദര്‍ശിനി(10), എം. നവനീത(18), കെ. പ്രിയ(18), എസ്. സാങ്‌വി(16), എം. കുമുദ(18) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കൂടല്ലൂർ ജില്ലയിലെ നെല്ലിക്കുപ്പം സ്വദേശികളാണ്
ഉച്ചക്ക് 12.45-ഓടെയാണ് പെണ്‍കുട്ടികളെല്ലാം ചെക്ക് ഡാമില്‍ കുളിക്കാനെത്തിയത്. ഇതിനിടെ കൂട്ടത്തിലെ ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്.
അഗ്നിരക്ഷാസേന എത്തി ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.


