ചെന്നൈ ബേസിന് ബ്രിഡ്ജ് സ്റ്റേഷൻ പരിധിയിൽ ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് ഞായറാഴ്ച രാവിലെ 9.30-ഓടെ പാളം തെറ്റിയത്.
അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളത്തിൽ നിന്നും തെന്നി മാറി. തക്ക സമയത്ത് വിവരം അറിഞ്ഞ് വണ്ടി നിർത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. സബർബൻ ട്രെയിൻ ആയതിനാൽ വേഗം കുറവായിരുന്നു. അവധി ദിവസമായതിനാൽ ട്രെയിനിൽ യാത്രക്കാരും കുറവായിരുന്നു.
വ്യാഴാഴ്ച ഇതേ സ്റ്റേഷന് സമീപം സമാനമായ രീതിയില്‍ വിജയവാഡ-ചെന്നൈ സെന്‍ട്രല്‍ ജനശതാബ്ദിയും പാളംതെറ്റിയിരുന്നു. ചെന്നൈയില്‍ യാത്രക്കാരെ ഇറക്കിയശേഷം യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം.
ഞായറാഴ്ച അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.


