സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടും മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകി. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം അംഗീകരിക്കാൻ ലഖ്നൗ കോടതി തയാറായില്ല. ഇതോടെയാണ് ജയില്‍ മോചനം വീണ്ടും പ്രതിസന്ധിയിലായത്.
ഈ മാസം 19നാണ് സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യപേക്ഷ ലഖ്നൗ കോടതി പരിഗണിക്കുന്നത്. ഇതിനു ശേഷം മാത്രമാവും ജയിൽ മോചനത്തിന് സാധ്യത. ജാമ്യാപേക്ഷ നേരത്തെയാക്കുന്നതിനെ അന്വേഷണ ഏജന്‍സി എതിര്‍ക്കുകയായിരുന്നു.
രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
ജോലി സംബന്ധമായ ആവശ്യത്തിനായി ഹത്രസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രിം കോടതി ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. ജാമ്യം കിട്ടിയെങ്കിലും കാപ്പന് ആറാഴ്ച ഡല്‍ഹിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവ്.
മാധ്യമ പ്രവർത്തകൻ ഇരയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നത് കുറ്റമാണോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.


