എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻ്റിൽ തനിയേ മുന്നോട്ടു നീങ്ങിയ ബസ് യാത്രക്കാരിയായ യുവതി ബ്രേക്ക് ചവിട്ടി നിര്‍ത്തി. തുറവൂര്‍ സ്വദേശിയായ രേഷ്‌നയുടെ ഇടപെടൽ അപകടം ഒഴിവാക്കി. വ്യാഴാഴ്ച രാവിലെയാണ് ജോലി സ്ഥലത്തേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു രേഷ്മ
തുറവൂരുള്ള തൻ്റെ കടയിലേക്ക് പോകുന്നതിനായാണ് സ്റ്റാൻ്റിൽ എത്തിയത്.
രേഷ്മ പറയുന്നു….
‘സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസിലാണ് ഞാന്‍ കയറിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേര്‍ അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നു. ഏറ്റവും മുന്നിലെ സീറ്റിലായിരുന്നു ഞാനിരുന്നത്.
ഡ്രൈവറും കണ്ടക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. ബസിലിരുന്ന സ്ത്രീകളൊക്കെ നിസ്സഹായമായി നിലവിളിക്കാന്‍ തുടങ്ങി. വേഗം തന്നെ ഞാന്‍ കമ്പിയുടെ അടിയിലൂടെ ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക്ക് ചവിട്ടി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുമായിരുന്നു. വണ്ടി നിന്നപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും ഓടിയെത്തി’, രേഷ്‌ന വിശദീകരിച്ചു.
ബസ് ബ്രേക്കോ ഗിയറോ ഉപയോഗിക്കാതെ നിർത്തിയിടാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇറങ്ങിപ്പോയ ഡ്രൈവറുടെ അശ്രദ്ധയാവാം എന്നാണ് കരുതുന്നത്.
ഡ്രൈവിങ് വിദഗ്ധയൊന്നുമല്ലെങ്കിലും മുമ്പ് കാറോടിക്കാന്‍ പഠിക്കുന്ന സമയത്ത് ഭര്‍ത്താവ് പറഞ്ഞുതന്ന ‘എ-ബി-സി’ അഥവാ ആക്‌സിലറേറ്റര്‍-ബ്രേക്ക്-ക്ലച്ച് എന്ന ഓര്‍ഡറാണ് ധൈര്യമായി ബ്രേക്ക് ചവിട്ടാനുള്ള ആത്മവിശ്വാസം തന്നതെന്ന് രേഷ്‌ന പറയുന്നു.
ബ്രേക്ക് മാറി ആക്‌സിലറേറ്ററിലെങ്ങാന്‍ ചവിട്ടിയാല്‍ ഉടനേ മാറ്റിച്ചവിട്ടാമെന്ന് ഉറപ്പിച്ചാണ് ധൈര്യമായി കയറിയതും,’ രേഷ്‌ന പറഞ്ഞു.


