സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു.
ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു. പ്രാദേശിക നേതാക്കളാണ് വിവരം അറിയിച്ചത്.
ജില്ലാ ഓഫീസ് ആക്രമിച്ച മൂന്നു പേർ കസ്റ്റഡിയിൽ
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 3 എബിവിപി പ്രവർത്തകര്‍ കസ്റ്റഡിയിലാണ്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേർക്ക് ആക്രമണം ഉണ്ടായത്. ഇതിനു തുടർച്ചയായി ഉണ്ടായ സംഭവ വികാസങ്ങളിലാണ് പാർട്ടി ഓഫീസിനു നേരെയും ആക്രമണം ഉണ്ടാവുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.


