തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകുന്ന പ്രശ്നത്തിന് പരിഹാരം പ്രഖ്യാപിച്ച് മന്ത്രി. വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പതിനാറാം ദിവസം മുതൽ പലിശ
ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതൽ ലഭിക്കാനുള്ള വേതനത്തിൻറെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പതിനഞ്ച് ദിവസം കൂടി കഴിഞ്ഞാൽ സമാനമായ രീതിയിൽ നഷ്ടപരിഹാരത്തിൻറെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ ( State Employment Guarantee Fund) നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്.
നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും
ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം. പരിശോധന ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പ്രവൃത്തി പൂർത്തിയായി അഞ്ച് ദിവസത്തിനുള്ളിൽ നടത്തും. ആറ് ദിവസത്തിനുള്ളിൽ വേതന പട്ടിക അക്കൗണ്ടന്റ്/ ഐ.ടി. അസിസ്റ്റൻറ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളിൽ തന്നെ തുക നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
എം.ജി.എൻ.ആർ.ഇ.ജി.എ. മാനേജ്മെന്റ് ഇൻഫര്‍മേഷൻ സിസ്റ്റം തന്നെ വേതനം വൈകിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കും വിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.


