മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നൊട്ടീസ് നൽകിയിരിക്കുന്നത്
കേരള വിദേശ സാമ്പത്തിക വിനിമയ നിയമം- ഫെമ ലംഘനം നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമൻ ആരോപണം ഉന്നയിച്ചിരുന്നു.
അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ആരോപണം ഏറ്റെടുത്തു. തുടര്‍ന്ന് അന്ന് കിഫ്ബി സി.ഇ.ഒ. ആയിരുന്ന കെ.എം. എബ്രഹാമിനെയും ഡെപ്യൂട്ടി സി.ഇ.ഒയെയും ഇ.ഡി. നോട്ടീസ് അയച്ച് വിളിപ്പിച്ചിരുന്നു. ആദായ നികുതി വകുപ്പ് ഈ കേസിനെ കുറിച്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ അവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ആരോപണത്തിന് പിന്നാലെ നിര്‍മല സീതാരാമനെതിരെ നിശിത വിമർശനവുമായി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. കിഫ്ബിയുടെ ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്മാന് ധനമന്ത്രി തോമസ് ഐസക്കും ആയിരുന്നു.
ഈ പദവി പരിഗണിച്ചാണ് ഇപ്പോള്‍ തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം. ഇ.ഡി. ജോയിന്റ് ഡയറക്ടറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നതിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
കിഫ്ബി വന്നപ്പോള്‍ തന്നെ മസാല ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കേരളത്തിൻ്റെ വികസന പ്രവർത്തങ്ങൾക്ക് വ്യത്യസ്തമായ മാർഗ്ഗം തുറക്കുകയായിരുന്നു. വിദേശ മലയാളി ഫണ്ട് ഉൾപ്പെടെ വികസനത്തിനായി സംസ്ഥാനത്ത് ഉപയോഗിക്കുക എന്നതായിരുന്നു സമീപനം.


