കിഫ്ബി സാമ്പത്തിക സമാഹരണവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നാണ് നിർദ്ദേശം.
ജൂലായ് 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ട് എന്ന കാരണം മുൻനിർത്തി അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.
കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്‍മാനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമൻ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായി ഇടതുസര്‍ക്കാരിനെ ആരോപണത്തിൻ്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് കേന്ദ്ര ഏജന്‍സിയായ ഇഡിയെ ഉപയോഗിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് തോമസ് ഐസക്കും സിപിഎമ്മും ആരോപിച്ചിരുന്നു.


