കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസിൽ നിന്നും ദീപവലി മധുരത്തിനൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘ക്യാഷ് ഗിഫ്റ്റ്’ നല്‍കിത് പുറത്തായി. ദീപാവലി മധുരങ്ങളടങ്ങിയ പെട്ടിക്കൊപ്പം ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ നല്‍കിയെന്നാണ് ആരോപണം. പണം കണ്ട് ഞെട്ടിയ മാധ്യമ പ്രവർത്തകർ തന്നെയാണ് വിവരം പുറത്തു വിട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ‘സ്വീറ്റ് ബോക്സ് കോഴ’യില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘ക്യാഷ് ഗിഫ്റ്റ്’ ലഭിച്ചതായി ആരോപിക്കപ്പെടുന്ന പന്ത്രണ്ടോളം മാധ്യമ പ്രവര്‍ത്തകരില്‍ മൂന്ന് പേര്പണം വിതരണം നടന്നതായി സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര് തങ്ങള്‍ക്ക് ലഭിച്ച സമ്മാനപൊതിയില്‍ പണം കണ്ടതോടെ അത് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ തിരിച്ച് നല്‍കിയതായി അറിയിക്കുകയും ചെയ്തുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ചെന്നാരോപിച്ച് ബസവരാജ് ബൊമ്മൈയുടെ മാധ്യമ ഉപദേഷ്ടാവിനെതിരെ ഒരു അഴിമതി വിരുദ്ധ സംഘടന കര്‍ണാടക ലോകായുക്ത പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
പണം തിരികെ നൽകി, മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു – മാധ്യമ പ്രവർത്തകൻ
‘കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദീപാവലി മധുരപലഹാരം ഓഫീസില്‍ എത്തിച്ചത്. ഞാന്‍ അത് എടുത്ത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടു. എത്രയുണ്ടെന്ന് എണ്ണാന്‍ പോയില്ല. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പണം എത്തിയെന്ന് ഉറപ്പാക്കുകയും മുഖ്യമന്ത്രിക്ക് രേഖമൂലം അതൃപ്തി അറിയിച്ച് കത്തയക്കുകയും ചെയ്തു’ കര്‍ണാടകയിലെ ഒരു പ്രമുഖ പത്രത്തിന്റെ രാഷ്ട്രീയകാര്യ ലേഖകന്‍ പറഞ്ഞു.
ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളില്‍ നിന്ന് 40 ശതമാനം കമ്മീഷന് ഈടാക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ബൊമ്മയ്ക്കെതിരെ ‘പേ സിഎം’ പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു.


