നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. മേയ് ഒമ്പതാം തീയതി പുറപ്പെടുവിച്ച ഉത്തരവില്‍ ഈ ആവശ്യം തള്ളിയിരുന്നതായും കോടതി വ്യക്തമാക്കി. എന്നാല്‍ ആ ഉത്തരവ് തങ്ങളറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. അതിലുള്ള എതിര്‍പ്പും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് ഉത്തരവ് കൈപ്പറ്റിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി നേരത്തെ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ വേളയില്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥനെ വിസ്തരിച്ചിരുന്നതായും ഇദ്ദേഹത്തില്‍നിന്ന് കൃത്യമായ മറുപടികള്‍ ലഭിച്ചിരുന്നതായും കോടതി പറഞ്ഞിരുന്നു. അതിനാല്‍ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിക്കേണ്ട ആവശ്യമെന്താണെന്ന് വിശദീകരിക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അതിനിടെ, ആക്രമിക്കപ്പെട്ട നടി വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടെ ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നതായും കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചതായും നടി പ്രതികരിച്ചു. അനുകൂല പ്രതികരണമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്നും അദ്ദേഹം നല്‍കിയ ഉറപ്പില്‍ സംതൃപ്തയാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.