അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഗവേഷണത്തിനു താത്പര്യമുള്ളവർക്ക് അവസരം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകും
ഡിഗ്രിമുതല്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കോഴ്സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.
പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും കോഴ്‌സുകള്‍ എന്നാണ് സൂചന. അടുത്ത അധ്യയന വര്‍ഷത്തെ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു


