Monday, February 23, 2026

നീറ്റ് പരീക്ഷയ്ക്ക് എത്തിയ കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചു, പ്രതിഷേധകരമെന്ന് മന്ത്രി ആർ ബിന്ദു

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സംഭവത്തില്‍ രേഖാമൂലം പരാതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യാവകാശത്തെ കുറിച്ച് ചിന്തിക്കാതെ പെണ്‍കുട്ടികളോട് പെരുമാറിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നീറ്റ് പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്ന സംവിധാനമാണ്. അവര്‍ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.

ഇത് കുട്ടികള്‍ക്ക് വളരെയധികം മാനസിക പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. വിഷയത്തിലെ അതൃപ്തി കേന്ദ്രസര്‍ക്കാരിനയും അറിയിച്ചിട്ടുണ്ട്. വിഷയം പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിലെ സെന്ററില്‍ പരീക്ഷ എഴുതിയ ശൂരനാട് സ്വദേശിനിയായ 18-കാരിക്കാണ് മോശം അനുഭവമുണ്ടായത്. ഇതേ സെന്ററില്‍ പരീക്ഷയെഴുതിയ നിരവധി പെണ്‍കുട്ടികള്‍ക്കും സമാനമായ അനുഭവമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശൂരനാട് സ്വദേശിയായ പെണ്‍കുട്ടി റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടി പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.

പരീക്ഷയാണോ വസ്ത്രം അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുതെന്നായിരുന്നു വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറിനിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുട അമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റില്‍ എത്താന്‍ പറയുകയും ഷോള്‍ വേണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് അമ്മയുടെ ഷാള്‍ നല്‍കുകയുമായിരുന്നു.

പിന്നീടാണ് ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും ഇതേ അനുഭവമുണ്ടായി എന്ന് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് രക്ഷിതാവ് പറയുന്നു. നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ലോഹം കൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതിനാലാണ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക് പരീക്ഷ ശരിയായ രീതിയില്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നും അറിയാവുന്ന ഉത്തരങ്ങള്‍ പോലും എഴുതുന്നതിന് കഴിയാതെ വന്നുവെന്നും രക്ഷിതാവ് പറയുന്നു.

തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍വെച്ച് പരീക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുട്ടി പൊട്ടിക്കരയുകയും പരീക്ഷയെഴുതുന്നതിനിടെ തനിക്കുണ്ടായ മാനസിക സംഘര്‍ഷം വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തത്. തനിക്ക് നേരിട്ട മാനസികാഘാതത്തില്‍നിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല. ശൂരനാട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിക്കും സമാനമായ അനുഭവമുണ്ടായി എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...