ബി.ജെ.പി. വക്താവായിരുന്ന നൂപുര്‍ ശര്‍മയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ബി.ജെ.പി. നടത്തിയ ഗൂഢാലോചനയാണ് പ്രവാചകനിന്ദ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിൽ എന്നും മമത പറഞ്ഞു.
ഇന്ത്യാ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഈസ്റ്റ് എന്ന പരിപാടിയിലാണ് മമത ആവശ്യം ഉന്നയിച്ചത്
നൂപുര്‍ ശര്‍മയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ഗൂഢാലോചനയാണ്. വിദ്വേഷം പ്രചരിപ്പിക്കാനും, ഭിന്നതയുണ്ടാക്കാനും ബിജെപിയുടെ നയത്തിൻ്റെ ഭാഗമാണെന്നും മമത പറഞ്ഞു.
നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അവർ – ‘തീ കൊണ്ട് നിങ്ങള്‍ക്ക് കളിക്കാനാവില്ല, അതുകൊണ്ടാണ് നൂപുര്‍ ശര്‍മയുടെ അറസ്റ്റിനായി ആവശ്യമുയരുന്നത്’ എന്നും പ്രതികരിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് താനും തന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.
നൂപുര്‍ ശര്‍മക്കെതിരെ കൊല്‍ക്കത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്‍ക്കത്ത പോലീസ് ഇതിനോടകം തന്നെ നൂപുറിനെതിരെ രണ്ട് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


