ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എംപി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ എംപി ഓഫീസില്‍ നിന്നും വിളിച്ചിരുന്നുവെന്ന് തരൂര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റെടുത്ത പരിപാടിയില്‍ പ്രസംഗിക്കുമെന്നും എംപി വ്യക്തമാക്കി. ‘യൂത്ത് കോണ്‍ഗ്രസിനോട് ചോദിക്കേണ്ടത് അവരോട് ചോദിക്കൂ. പരിപാടിയില്‍ പങ്കെടുക്കും. പ്രസംഗിക്കും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ഞാന്‍ നേരത്തെ അവര്‍ക്ക് കൊടുത്ത വാക്കാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാനുമായി സമ്പര്‍ക്കമേ ഉണ്ടായിട്ടില്ല. എന്നെ കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.’ തരൂര്‍ വിശദീകരിച്ചു.യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂരിന്റെ പ്രതികരണത്തോട്, അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രായക്കാരനാണോയെന്ന് ചിരിച്ചുകൊണ്ട് തരൂരിന്റെ മറുചോദ്യം. പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കും എന്നത് തന്റെ വിഷയമല്ല. ഈ ആഴ്ച്ചമാത്രം നാല് പ്രസംഗങ്ങള്‍ ഉണ്ട്. ഒന്നിന് വരാന്‍ സൗകര്യപ്പെടാത്തവര്‍ അടുത്തതിന് വരട്ടെ. ഇതൊന്നും വിവാദമാക്കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി.എന്തുകൊണ്ട് എല്ലാ ഡിസിസി പ്രസിഡന്റുമാരും തരൂരിന്റെ സന്ദര്‍ശനം വിവാദമാക്കുന്നുവെന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്ന് തരൂര്‍ പറഞ്ഞു. ‘ക്ഷണങ്ങള്‍ എനിക്ക് കാലങ്ങളായി വരുന്നതാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തില്‍ ജനങ്ങളുടെ മനോഭാവത്തില്‍ വന്ന മാറ്റം എന്താണെന്ന് അവരോട് തന്നെ ചോദിക്കണം. എന്റെ ഭാഗത്ത് നിന്നും ഒരു വ്യത്യാസവും ഇല്ല. എന്റെ അഭിപ്രായം തുറന്ന പുസ്തകമാണ്. കെ സുധാകരന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ കേള്‍ക്കാന്‍ പോലും ചിലര്‍ തയ്യാറാവുന്നില്ല. എനിക്ക് ആരേയും ഭയമില്ല. എന്നെ ഭയപ്പെടേണ്ട ആവശ്യമില്ല.’ തരൂര്‍ കൂട്ടിചേര്‍ത്തു.തരൂരിന്റെ പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് നാട്ടകം സുരേഷിന്റെ ആരോപണം. അതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാടിലാണ് അദ്ദേഹം. തരൂരിന്റെ പരിപാടികള്‍ അതത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും അത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.


