പല പ്രായത്തിലുള്ള 11 പെൺകുട്ടികളെ ലഹരിക്ക് അടിമായാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായി പത്താം ക്ലാസുകാരൻ. പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.
കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലർമാരിൽ ഒരാളായി പത്താം ക്ലാസുകാരനെ ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തനിക്ക് കഞ്ചാവും മയക്കുമരുന്നുകളും നൽകി വശത്താക്കി. ഡിപ്രഷനെ മുതലെടുത്ത് അടിമയാക്കി. പീഡിപ്പിച്ചു. മറ്റ് പെൺകുട്ടികളെയും എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നൽകി പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.
പലപ്പോഴും ലഹരി ഉപയോഗിച്ച ശേഷം പെൺകുട്ടികളുടെ കൂടെ കഴിയും. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ക്രമേണ മയക്കു മരുന്നിന് അടിമയായ പത്താം ക്ലാസുകാരൻ ഇപ്പോൾ അക്രമ സ്വഭാവം കാണിക്കുന്ന നിലയിലാണ്. പീഡിപ്പിച്ച ശേഷമാണ് ബ്ലാക്ക്മയിൽ ചെയ്യുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. കാശിനു വേണ്ടിയും ഉപയോഗപ്പെടുത്തുന്നു.
കേസ് പൊലീസിന് മുന്നിൽ എത്തിച്ചത് പിതാവിൻ്റെ സാമൂഹിക പ്രതിബദ്ധത
സഹപാഠിക്ക് ഒപ്പം മകൾ കഞ്ചാവ് ഉപയോഗിക്കുന്ന വിഡിയോ പയ്യൻ്റെ ബന്ധു ഫോണിൽ അയച്ച് തന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി പീഡന വിവരവും വലവീശിയ ലോകത്തെ കുറിച്ചും പുറത്തുപറയുന്നത്.
ഇതിനു പിന്നാലെ അവനെതിരെ കേസ് കൊടുക്കരുതെന്നും അവൻ കൊച്ചുകുട്ടിയല്ലേ എന്നും പറഞ്ഞ് ബന്ധുക്കൾ എന്നവകാശപ്പെട്ട് ഇടപെടൽ ഉണ്ടായി. എന്നാൽ കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ഡീലർമാരിൽ ഒരാളായി ഈ പയ്യനെ മാറ്റിയെടുത്തതായി മനസിലാക്കാൻ കഴിഞ്ഞതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചതായാണ് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയത്. സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന സംഘങ്ങൾ സജീവമാണ്.
താൻ പുറത്താണ് പഠിച്ചതെന്നും അവിടെ റാഗിങ്ങിന് ഇരയായതിന്റെ ഡിപ്രഷൻ ഉണ്ടായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഈ ഡിപ്രഷൻ മാറ്റാൻ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചു. പിന്നീട് ശീലമായി. അതിന് ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി.


