നാല് മാധ്യമങ്ങളെ പ്രത്യേക വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്ര സമ്മേളനം നടത്തിയത് വിവാദത്തിൽ. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് ബഹിഷ്കരണം.
ഗവർണർ തന്നെ നിർദ്ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയിൽ നൽകിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയിൽ
പാർട്ടി കേഡറുകളെ താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. ചില വിഷയങ്ങളിൽ വിശദീകരണം നൽകാനാണ് വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ താൻ പറയുന്നതിനെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവർണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.
ഭരണഘടനാ സ്ഥാപനത്തിന് യോജിക്കാത്ത നടപടി – പത്രപ്രവർത്തക യൂണിയൻ
ഗവർണറുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധ കുറിപ്പ് ഇറക്കി. കേരള ഗവർണറുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണിത്.
ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവൻ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടർന്നാൽ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാൻ നിർബന്ധിതരാകും എന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.
കേരളത്തിലെ മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണ്. തൊഴിലിന്റെ ഭാഗമായി വാർത്ത ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരെ വേഷം മാറിവരുന്ന വ്യാജന്മാർ എന്ന തരത്തിൽ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവർത്തകർ ആരുടെയും കേഡർമാരല്ല. അത്യന്തം ദൗർഭാഗ്യകരമായ ഈ പ്രസ്താവന പിൻവലിക്കണമെന്ന് കെ യു ഡബ്ള്യു ജെ ആവശ്യപ്പെടുന്നു.
രാഷ്ട്രീയം അടക്കം വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന മാധ്യമങ്ങളിൽ തൊഴിലെടുക്കുമ്പോഴും മാധ്യമ പ്രവർത്തകർ എന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ.
റിപ്പോർട്ടിംഗിന് അടക്കം ഒന്നിച്ചു തന്നെയാണ് പോകുന്നതും. മാധ്യമ പ്രവർത്തകർക്കിടയിലെ ഈ ഐക്യം തകർക്കാനുളള നീക്കമായിട്ട് കൂടിയേ ഈ നീക്കങ്ങളെ വിലയിരുത്താനാകൂ. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ യോജിച്ചു നിന്ന് പോരാടും.
ഗവർണറുടെ കസേരയിലിരുന്നു ചെയ്യരുതാത്തത് – വി ഡി സതീശൻ
മാധ്യമങ്ങളോടുള്ള വിവേചനത്തിൽ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്. നാല് മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരെയും ഒരു പോലെ കാണണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.


