ലോകകപ്പിലെ ദയനീയമായ പുറത്താകലിനു തുടർച്ചയായി സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലകൻ ലൂയിസ് എന്‍റിക്കെ സ്ഥാനം ഒഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോ സ്‌പെയിനിനെ അട്ടിമറിച്ചത് ആരാധക ലോകത്തിന് ഞെട്ടലായിരുന്നു. അണ്ടര്‍ 21 സ്‌പെയിന്‍ ടീം പരിശീലക സ്ഥാനത്തുള്ള ലൂയിസ് ഡി ലാ ഫ്യുൻ്റെയാവും പുതിയ പരിശീലകൻ.
പ്രീ ക്വാര്‍ട്ടറില്‍ നിശ്ചിത സമയത്തും അധികസമയത്തും മൊറോക്കോയുമായി ഗോള്‍രഹിത സമനിലയായിരുന്നു. അവസരങ്ങൾ ഒന്നും മുതലാക്കാനായില്ല (3-0). പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാൻ കഴിഞ്ഞില്ല.
ഇതിന് തുടർച്ചയായി സ്പാനിഷ് ഫുട്‌ബോളിനായി പുതിയ പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ആര്‍.എഫ്.ഇ.എഫ് (സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരുന്നു. സമീപകാലത്ത് സ്പാനിഷ് ഫുട്‌ബോള്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നാണ് വിശദീകരണം. ദേശീയ ടീമിനായി ലൂയിസ് എന്‍റിക്കെയും മറ്റ് കോച്ചുമാരും നല്‍കിയ സേവനത്തിന് റിപ്പോർട്ട് നന്ദിപറയുന്നു. ഡിസംബര്‍ 12-ന് ചേരുന്ന ആര്‍.എഫ്.ഇ.എഫ് യോഗത്തില്‍ പുതിയ പരിശീലകനെ ഔദ്യോഗികമായി തീരുമാനിക്കും

2018 ലോകകപ്പില്‍ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായതിന് പിന്നാലെയായിരുന്നു ലൂയിസ് എന്‍റിക്കെ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. 2020-ലെ യൂറോ കപ്പില്‍ അദ്ദേഹത്തിന്റെ കീഴില്‍ ടീം സെമി ഫൈനല്‍വരെ എത്തിയിരുന്നു.


