പി.ടി. തോമസിനോട് കോണ്‍ഗ്രസ് പാര്‍ട്ടി കാണിച്ചത് അന്യായമായിരുന്നെന്ന് ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ മാത്രമാണ് അദ്ദേഹത്തിന് പാര്‍ട്ടി ടിക്കറ്റ് കൊടുക്കാതിരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന പി.ടി. തോമസിന് 2014-ല്‍ സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പി.ടിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.
അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് തനിക്ക് അന്യായമായി തോന്നിയെന്നായിരുന്നു തരൂരിൻ്റെ തുറന്നു പറച്ചിൽ.
കൊച്ചിയില്‍ ഫ്രണ്ട്സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവന് എന്റെ പ്രിയ പി.ടി. എന്ന സ്മരണിക അദ്ദേഹം പ്രകാശനം ചെയ്തു. പി.ടിയുടെ ഭാര്യ ഉമാ തോമസ് എംഎല്‍എ, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
കത്തോലിക്ക സഭ നേടിയ സീറ്റ്
ഗാഡ്ഗില്‍ – കസ്്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്ന് വാദിച്ചത് പി ടി തോമസിനെ കത്തോലിക്കാ സഭക്ക് എതിരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പി ടി തോമസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് സഭ വാദിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തിന് അതിന് വഴങ്ങേണ്ടി വരികയും ചെയ്തു. മാത്രമല്ല സഭയുടെ നേതൃത്വത്തില്‍ പി ടിയുടെ നിലപാടിനെതിരെ ഇടുക്കിയില്‍ വലിയ പ്രക്ഷോഭം അരങ്ങേറുകയും ചെയ്തു.


