തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും ഗുലാം നബി ആസാദ്. സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ച്പിടിക്കാന്‍ തന്നെ പിന്തുണയ്ക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്നും- കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അഭ്യർഥിച്ചു.
കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല . ഇന്ത്യന്‍ ഭരണഘടനയിലെ 370ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
ഒരിക്കലും ഇനി പ്രത്യേക പദവി തിരികെ കിട്ടില്ല. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ അക്കാര്യം ചിന്തിക്കേണ്ടതുള്ളൂ. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. ബാറാമുള്ളയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കാനും പ്രത്യേക പദവി തിരിച്ച് പിടിക്കാന്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നതിന് തീരുമാനത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആസാദിന്റെ പരാമര്‍ശം.


