മലയാലപ്പുഴയില്‍ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്ത മന്ത്രവാദ ചികിത്സാ കേന്ദ്രത്തിനും നടത്തിപ്പുകാരിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ. മന്ത്രവാദ കേന്ദ്രത്തിലെ രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലയാലപ്പുഴയിലെ ‘വാസന്തിമഠം’ എന്ന മന്ത്രവാദ ചികിത്സാ കേന്ദ്രം ഇന്ന് നാട്ടുകാർ സംഘടിച്ച് തല്ലി തകർത്തിരുന്നു. പ്രതിഷേധമുണ്ടായതിന് പിന്നാലെ മന്ത്രവാദം നടത്തുന്ന ശോഭന(41)യും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും(41) പോലീസ് കസ്റ്റഡിയിലാണ്.
പൊലീസും പേടിച്ചു, നാട്ടുകാരെ അകറ്റാൻ കാവൽ ഗുണ്ടകൾ
ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ചില ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇന്ന് യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകര്‍ത്തതും.
ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ‘ചികിത്സ’. പലതവണ പരാതിക്കൊടുത്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
‘ഇവിടെ ആഭിചാരക്രിയകള്‍ അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. പോലീസ് വരുമ്പോഴും എതിര്‍ക്കുന്നവര്‍ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നയായി നില്‍ക്കുന്നതാണ് മന്ത്രവാദിനിയടെ രീതി. മാനസികനില തെറ്റിയ ആളെന്ന പേരിൽ പോലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്. സ്ത്രീയുടെ ആദ്യഭര്‍ത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളേയും കാണാതായ സംഭവം ഇതുവരെ അന്വേഷണ പരിധിയിൽ എത്തിയിട്ടില്ല.
ആദ്യ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. അവര്‍ക്കെതിരെ പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കും. ‘സമയം അടുത്തു, .. വരുമ്പോള്‍ പറയാം’ എന്നായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴും മന്ത്രവാദിനി ശോഭനയുടെ പ്രതികരണം.
അന്വേഷണം ഉറപ്പു നൽകി എസ് പി
ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. നേരത്തെ തന്നെ നിരവധി പരാതികള്‍ ഇവർക്കെതിരേ ലഭിച്ചിരുന്നു. പോലീസ് രണ്ടുമൂന്ന് തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയില്‍ പരിശോധിക്കുമെന്നും പത്തനംതിട്ട എസ്പി വ്യക്തമാക്കി.


