കുട്ടികളോട് മോശമായി പെരുമാറിയതിന് പോലീസുകാരനെതിരെ പോക്സോകേസെടുത്തു. കോടഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്.
പന്ത്രണ്ടും പതിമ്മൂന്നും വയസ്സുള്ള സഹോദരിമാരോട് മോശമായി പെരുമാറിയ കേസിലാണ് നടപടി. രണ്ട് പോക്സോ കേസുകളിലാണ് പ്രതി ചേര്‍ത്തത്. പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയിലാണ് കേസ്. പിന്നാലെ വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. നിലവില്‍ ജാമ്യത്തിലുള്ള വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് കൂരാച്ചുണ്ട് പോലീസ് പറയുന്നു.
മുഖ്യമന്ത്രി പറഞ്ഞിട്ടും ക്രിമിനലുകൾ അകത്തു തന്നെ
744 ക്രിമിനല്‍ കേസ് പ്രതികളാണ് കേരളത്തിലെ പോലീസ് സേനയിലുള്ളതെന്നാണ് കണക്ക്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്സോ തുടങ്ങി ഗുരുതരമായ കുറ്റങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവർ സർവ്വീസിൽ തുടുരന്നു. ഇവരിൽ 65 ഉദ്യോഗസ്ഥര്‍ സ്ത്രീ പീഡനക്കേസുകളിൽ പ്രതികളാണ്.ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥര്‍ അവിശുദ്ധബന്ധം പുലര്‍ത്തുന്നു. എന്നാൽ രാഷ്ട്രീയ- സംഘടനാ ബലത്തിൽ ഇവർ സേനയിൽ അകത്ത് തന്നെ തുടരുന്നു.
സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയിലേര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത സേനയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. പറയേണ്ടി വന്നു. വെറും 18 പേരെ മാത്രമാണ് ഇങ്ങനെ പുറത്താക്കിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാരുടെ പട്ടികയുണ്ട്. ഇതും ഫ്രീസറിലാണ്. ഇതിനുപുറമെ വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള 691 പോലീസുകാര്‍ വേറെയുമുണ്ട്.
ക്രിമിനലുകളെ രക്ഷപെടുത്താൻ സംഘടനാ ലോബി
വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉടനടി സസ്പെന്ഷൻ നല്‍കുകയാണ് പതിവ്. ആറുമാസത്തെ സസ്പെന്‍ഷനുശേഷം, അല്ലെങ്കില്‍ വിഷയം മാധ്യമങ്ങളും നാട്ടുകാരും മറക്കുന്നതോടെ സര്‍വീസില്‍ തിരികെ എടുക്കും. നല്ലനടപ്പ്, സ്ഥലംമാറ്റം തുടങ്ങിയ മുഖം രക്ഷിക്കൽ ശിക്ഷാമുറകളിൽ ഒതുക്കും. സസ്പെന്ഷന് കഴിഞ്ഞ് തിരികെ എത്തുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഇഴഞ്ഞുനീങ്ങും. റിപ്പോര്‍ട്ട് വരുമ്പോഴേക്കും ഉദ്യോഗസ്ഥന് വിരമിക്കാറായിരിക്കും. പെന്ഷന് മുടങ്ങാത്ത രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തും. ഇതാണ് പൊലീസിലെ പൊലീസ് അന്വേഷണ രീതി.
പണിഷ്മെൻ്റ് ട്രാൻസ്ഫർ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക്, സി ഐ പിന്നെയും പഴയ പണി തുടങ്ങി
മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന് ശേഷം ക്രമസമാധാന ചുമതല നല്‍കിയിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു കീഴ്വഴക്കം പാലിക്കപ്പെടുന്നില്ല. വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ സി.ഐ സുനു മുമ്പും സമാനമായൊരു പീഡനക്കേസില്‍ പ്രതിയായിരുന്നു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇയാള്‍ക്ക് വീണ്ടും ക്രമസമാധാന ചുമതല നല്കി. മാത്രമല്ല ബേപ്പൂരിലെ ഏറ്റവും അധികം വിനോദ സഞ്ചാരികളും കുടുംബങ്ങളും എത്തുന്ന കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ തന്നെ നിയമനം നൽകി. കെവിന് കൊലക്കേസില്‍ ഔദ്യോഗിക കൃത്യവിലോപനത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്കിയ എസ്.ഐ ഷിബുവിനെ സസ്പെന്‍ഷനുശേഷം തിരിച്ചെടുത്തിരുന്നു.
നിയമം ഉണ്ട്, പക്ഷെ പ്രവർത്തിക്കില്ല
മൂന്ന് തരത്തില്‍ പോലീസുദ്യോഗസ്ഥരെ സേനയില്‍ നിന്ന് പുറത്താക്കാന്‍ വ്യവസ്ഥകളുണ്ട്. പൊലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാര്‍ഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് പുറത്താക്കാം. ഇനി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായും പെരുമാറ്റംകൊണ്ടും പൊലീസ്ജോലിക്ക് ‘അണ്‍ഫിറ്റാണെങ്കില്‍’ 86(സി) ചട്ടപ്രകാരം പുറത്താക്കാം. അതും പോരാഞ്ഞ് പൊലീസ് ആക്ടില്‍ 2012-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം.