പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സി, കെ എസ് ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്. 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍.
എതിർപ്പ് സ്വന്തം പാർട്ടി ഘടകങ്ങളിൽ നിന്നും
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല, വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തിയ സർക്കാരിന് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ പിന്നോട്ട് പോകേണ്ടി വരികയായിരുന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി.
മന്ത്രിസഭാ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പ്രശ്നം ഉന്നയിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. എന്നാൽ ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങൾ വരുമെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് 29 ലെ ധനവകുപ്പ് ഉത്തരവിൽ തുടർ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തി ഉത്തരവ് മരവിപ്പിച്ചത്.
ഇതോടെ കഴിഞ്ഞ മാസം വിരമിക്കേണ്ടവരടക്കം പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ ഏകീകരണം ഒരു ടെസ്റ്റ് ഡോസായി വിലയിരുത്തപ്പെട്ടു. അടുത്ത ബജറ്റിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം ഒരു വർഷമെങ്കിലും കൂട്ടാൻ തീരുമാനം ഉണ്ടായിരുന്നു എന്നും ചർച്ചകൾ ഉണ്ടായി.


