മിർസ ഗാലിബിൻ്റെ 225 ാം ജന്മദിനത്തിൽ കെ പി എ സമദ് എഴുതുന്നു
“സുർമ-എ-മുഫ്ത് നസർ ഹും
മിരി കീമത് യഹ് ഹൈ
കി, രഹേ ചശ്‌മ്-എ-ബരീദാർ പെ
എഹ്സാൻ മേരാ”
– മീർസാ ഗാലിബ്
(ഈ ലോകം അല്പം വ്യക്തതയോടെ
കാണാൻ സഹായിക്കുന്ന സുറുമയാണ് ഞാൻ
ഇത് കണ്ണിലെഴുതുക മാത്രമാണ്
ഇതിനുനിങ്ങൾ നൽകേണ്ട വില)
ഡിസംബർ 27
ഇരുനൂറ്റി ഇരുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് മീർസാ ഗാലിബ് ജനിക്കുന്നത്.
ഉപഭൂഖണ്ഡം ജന്മം നൽകിയ ഏറ്റവും വലിയ കവിയായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു. “മാനവരാശിയുടെ നിത്യപ്രചോദനമായി രണ്ടു ഗ്രന്ഥങ്ങൾ ഭാരതം ലോകത്തിനു സംഭാവന ചെയ്തു. വേദങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് ഗാലിബിന്റെ ഗസലുകളാണ്” എന്നാണ് കാവ്യ നിരൂപകർ അദ്ദേഹത്തിന്റെ കലയെ വിലയിരുത്തുന്നത്.
“ഉർദു – പേർഷ്യൻ ഭാഷകളിലുണ്ടായ ഏറ്റവും വലിയ കവി മാത്രമല്ല ഗാലിബ്. ഒരു പക്ഷേ, ലോകത്തെ മറ്റേതൊരു ഭാഷയിലെയും ഏതൊരു കവിയുമായും ഗാലിബിനെ താരതമ്യപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ ഓരോ ഈരടിയും ഒരു മുഴുവൻ ഗ്രന്ഥവും ഉൾക്കൊള്ളുന്ന പോലെയാണ്.” – മനുഷ്യമനസ്സുകളെ നിർണ്ണായകമായി സ്വാധീനിച്ച മഹാമനീഷി കളിൽ ഒരാളായ ഓഷോ ഇങ്ങനെയാണ് ഗാലിബിനെ അടയാളപ്പെടുത്തുന്നത്.
കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്നു:
“പ്രണയംകൊണ്ടും വിഷാദംകൊണ്ടും ചരിത്രത്തെ മനുഷ്യവൽക്കരിക്കുന്ന മന്ത്രവാദമാണ് ഗാലിബിന്റെ കാവ്യകല. അദ്ദേഹം പ്രണയത്തിന് ആത്മീയതയുടെ അഗാധതയും ധ്യാനാത്മകതയും നൽകി. ആത്മീയതയ്ക്ക് പ്രണയത്തിന്റെ വികാരതീവ്രതയും രക്തപ്രവാഹവും നൽകി…….
“കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക്. അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല.”
അഗാധമായ ഈ കാവ്യാനുഭവം പകർന്നു തരുന്ന ഏതാനും ഈരടികൾ മഹാകവി ക്കുള്ള ആദരാഞ്ജലിയായി അർപ്പിക്കുന്നു.
*
ഹും ഗർമി -എ- നഷാത്-എ-നഗ് മ സഞ്ജ്
മൈ അന്ദലീബ്-എ-ഗുൽഷൻ-എ- നാആഫരീദ ഹും.
(പുകയുന്ന ഭാവനയുടെ ചൂടിൽ
പാടുകയാണ് ഞാൻ
ഇനിയും പിറക്കാത്ത ഉദ്യാനത്തിലെ
പൂങ്കുയിലാണ് ഞാൻ)
ബകദ്ര് സർഫ് ഹൈ സാകി
ഖുമാർ-എ-തശ്ന കാമി ഭി
ജൊ തു ദരിയ-എ-മയ് ഹൈ
തൊ മെ ഖമിയാസ ഹൂം സാഹിൽ കാ
(കുടിക്കാനുളള കഴിവനുസരിച്ചാണ്
ദാഹാർത്തന്റെ ലഹരിയും, സാകി!
അലതല്ലും മദിരക്കടലാണ് നീയെങ്കിൽ
അടങ്ങാത്ത ദാഹത്താലുഴറുന്ന തീരം
ഞാൻ)
ഇശ്ക് സെ തബീഅത് നെ സീസ്ത് കാ മസാ പായാ
ദർദ് കാ ദവാ പായി ദർദ്-എ-ബേദവാ പായാ
(പ്രണയത്തിലൂടെ എന്റെ പ്രകൃതം
ജീവിക്കുന്നതിലെ ആഹ്ലാദമറിഞ്ഞു
വേദനയ്ക്കുള്ള ശമനം കണ്ടെത്തി
ശമനമില്ലാത്ത വേദനയും കണ്ടെത്തി)
സിന്ദഗി അപ് നി ജബ് ഇസ് ശകൽ സെ ഗുസ്‌രി, ഗാലിബ്
ഹം ഭി ക്യാ യാദ് കരേംഗെ കെ
ഖുദാ രഖ്തെ ഥെ
( ജീവിതം യാതനകളിലൂടെ
ഈ വിധം കടന്നുപോകുമ്പോൾ
ഒരു ദൈവമുണ്ടെന്ന കാര്യം ഞാൻ
എങ്ങനെ ഓർക്കാനാണ്, ഗാലിബ്?)
സീമാബ് പുഷ്ത് ഗർമി-എ-ആയിന ദേ ഹൈ, ഹം
ഹൈറാൻ കിയേ ഹുവേ ഹൈ ദിൽ-എ- ബേകരാർ കെ
(പ്രതിഫലനമേകി രസലേപം
കണ്ണാടിയെ ചകിതമാക്കും പോലെ
ഹൃദയത്തിന്റെ വ്യാകുലതകളെന്നെ
അമ്പരപ്പിലാഴ്ത്തുന്നു)
ആഗോഷ്-എ-ഗുൽ കുശാദ ബരായെ വിദാ ഹൈ
അയ് അന്ദലീബ് ചൽ, കെ ചലേ ദിൻ ബഹാർ കെ
(ആശ്ലേഷിക്കാൻ കരങ്ങൾ നീട്ടി
പനിനീർപ്പൂ പറയുന്നു
പൂങ്കുയിലേ വരൂ, വിട ചൊല്ലാൻ
നേരമായി
വസന്തത്തിന്റെ നാളുകൾ
കഴിഞ്ഞുപോയി)
മശ്ഹദ്- എ- ആഷിക് സെ കോസോം തക് ജൊ ഉഗ്തി ഹൈ ഹിനാ
കിസ് കദർ, യാ റബ്, ഹാലാക്-എ-ഹസ്റത് -എ-പാബോസ് ഥാ
(കമിതാവിന്റെ ബലിവേദിക്കു ചുറ്റും
മൈലുകൾ ദൂരത്തിൽ
മൈലാഞ്ചി വളർന്നുനിൽക്കുന്നു
കാമുകിയുടെ പാദം ചുംബിക്കാനുള്ള
മോഹം
എത്രമേൽ, ദൈവമേ, അവനെ
ശ്വാസം മുട്ടിച്ചിരിക്കണം!)
ജബ് ബ-തക് രീബ്-എ-സഫർ യാർ നെ
മഹ്മിൽ ബാന്ധാ
തപിഷ്-എ-ശൗഖ് നെ ഹർ സർറ-എ- പാ ഇക് ദിൽ ബാന്ധാ
(ഓമലാളുടെ യാത്രയ്ക്കായി
ഒട്ടകത്തെ ഒരുക്കി നിറുത്തിയപ്പോൾ
എന്റെ ആധിയുടെ ചൂട് ഓരോ
മണൽത്തരിക്കും ഒരു ഹൃദയം
നൽകി)
ബഗൽ മെ ഗൈർ കി ആജ് ആപ്
സോതെ ഹൈ കഹീം, വർന
സബബ് ക്യാ, ഖ്വാബ് മെ ആ കർ, തബസ്സുംഹാ-എ-പിൻഹാൻ കാ
(ഇന്നു രാവിൽ നീയെന്റെ
എതിരാളിയോടൊത്ത്
ശയിക്കുന്നുണ്ടാകണം, അല്ലെങ്കിൽ
സ്വപ്നത്തിൽ നിന്റെ മുഖത്തുകണ്ട
കള്ളച്ചിരിയുടെ കാരണമെന്താണ്?)
താ ഫിർ ന ഇൻതിസാർ മെ നീന്ദ് ആയേ ഉമ്ര് ഭർ
ആനെ കാ ഒഹദ് കർഗയെ, ആയെ ജൊ ഖ്വാബ് മെ
. (കാത്തിരിപ്പിന്റെ വ്യഥയിൽ
ആയുസ്സു മുഴുവൻ നരകിക്കാനായി
ഒരിക്കൽ മാത്രം അവൾ
സ്വപ്നത്തിൽ വന്നു
വീണ്ടും വരാമെന്ന് വാക്കും തന്നു)
ഢാമ്പാ കഫൻ നെ ദാഗ്-എ- ഉയൂബ്-എ- ബരഹ് നഗി
മൈ വർന ഹർ ലിബാസ് മെ നംഗ്-എ-വുജൂദ് ഥാ
(നാണിപ്പിക്കും നഗ്നതയുടെ പാടുകൾ
ശവക്കച്ച മാത്രം മറച്ചുപിടിച്ചു
മറ്റേതു വസ്ത്രത്തിലും ഞാനെന്റെ
അസ്തിത്വത്തിന് അവമതിയായിരുന്നു)
ഹൈ പരെ സർഹദ് – എ – ഇദ് റാക് സെ അപ്നാ മസ്ജൂദ്
കിബ് ലെ കൊ അഹ്ൽ – എ – ന സർ
കിബ്‌ലനുമാ കഹ്തെ ഹൈ
(ഞാനാരാധിക്കുന്ന ദൈവം
അറിവിന്റെ അതിരുകൾക്കപ്പുറത്താണ്
കാണാൻ കഴിയുന്നവർക്ക് കിബ്‌ല
ചൂണ്ടുപലക മാത്രമാണ്)
ഗറ ഔജ്-എ-ബീനാ-എ-ആലം-എ-
ഇംകാൻ ന ഹോ
ഇസ് ബുലന്ദി കാ നസീബോം മെ ഹൈ
പസ്തി ഏക് ദിൻ
(നീ നേടിയ പദവികളൊന്നും നിന-
ക്കഹങ്കരിക്കാൻ വക നൽകുന്നില്ല
ഉയർന്നുപറക്കുന്നതെന്തിനും ഒരിക്കൽ
നിലം പതിക്കാതെ നിവൃത്തിയില്ല.)
നഗ്മഹാ- എ-ഗം കൊ ഭി , അയ് ദിൽ, ഗനീമത് ജാനിയെ
ബേസദാ ഹോ ജായേഗാ യെ സാമ്- എ- ഹസ്തി ഏക് ദിൻ
(വിഷാദഗാനങ്ങളേയും നീ
നിധിയായി കരുതുക ഹൃദയമേ
നിശബ്ദവും നിശ്ചലവുമാകും
ഒരിക്കൽ ഈ ജീവിതവീണ)
ഇഷ്റത്-എ-കത്‌ര ഹൈ ദരിയാ മെ ഫനാ ഹോ ജാനാ
ദർദ് കാ ഹദ് സെ ഗുസർനാ ഹൈ ദവാ ഹോ ജാനാ
(സമുദ്രത്തിൽ ലയിക്കുമ്പോൾ
നീർക്കണം നിർവൃതിയറിയുന്നു
അതിരുകവിയുമ്പോൾ വേദന
സ്വയം മരുന്നാകുന്നു.)
സുഅഫ് സെ, ഗിരിയ മുബദ്ദൽ ബ ദം -എ- സർദ് ഹുവാ
ബാവർ ആയാ ഹൈ ഹമേ പാനി കാ ഹവാ ഹോ ജാനാ
(കരഞ്ഞു തളരുമ്പോൾ കണ്ണീർ
നെടുവീർപ്പായി മാറുന്നു
ജലം നീരാവിയാകുന്നതിന്റെ
രഹസ്യം മനസ്സിലാകുന്നു)
ഗരീബ്-എ-ബ ദർ ജിസ്ത-എ-ബാസ് ഗശ്തൻ
സുഖൻ ഹും സുഖൻബർ ലബ് ആവർദഗാൻ കാ
(തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയിൽ
പതുക്കെ നടക്കും
ശരണാർത്ഥിയെപ്പോലെ
പ്രാസംഗികന്റെ വരണ്ട ചുണ്ടുകൾ
പറയാതെ പോയ പദമാണുഞാൻ)
ബസൂരത് തകല്ലുഫ് ബമഅനീ തഅസ്സുഫ്
അസദ്, മൈ തബസ്സും ഹും പശ്മൂർദഗാൻ കാ
(ഒന്നും കാര്യമാക്കാത്ത മട്ടിൽ
എന്നാൽ, അകമേ കരഞ്ഞുനിൽക്കുന്ന
ശരൽക്കാലം ക്ഷയിപ്പിച്ച പൂക്കളുടെ
വാടിയ പുഞ്ചിരിയാണ് ഞാൻ)
ഗം-എ-ഹസ്തി കാ അസദ് കിസ് സെ ഹോ
ജുസ് മർഗ് – എ – ഇലാജ്
ശമാ ഹർ രംഗ് മെ ജൽതി ഹൈ സഹർ ഹോനെ തക്
(ജീവിതമേകും ശോകവ്യഥകൾക്ക്
മരണത്തിലല്ലാതെ അറുതിയുണ്ടോ
അസദ് !
മെഴുകുതിരിക്കെരിയാതെ വയ്യല്ലോ
മിന്നിയും മങ്ങിയും പുലരുംവരേയും)
മിർസ ഗാലിബിൻ്റെ സമ്പൂർണ്ണ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരനാണ് കെ പി എ സമദ്.