അരിതേടി അലയുന്ന ഒറ്റയാനെ അവസാനം മയക്കുവെടി വെക്കാൻ തീരുമാനം. സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ ഈ കാട്ടാനയെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ മയക്കുവെടി വെയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിങ് ഉത്തരവ് നൽകി. ബത്തേരിക്കടത്തുള്ള വനമേഖലയിലാണ് നിലവില്‍ കാട്ടാനായുള്ളത്. നാളെ പുലര്‍ച്ചയോടെ ആനയെ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ ഏറെ അപകടം വിതച്ചിട്ടുള്ള കൊലയാളി കാട്ടാനയെന്ന് കുപ്രസിദ്ധി നേടിയിട്ടുള്ള ആനയാണിത്.
അരിതിന്നാനായി പത്തുവയസ്സിനിടെ ‘അരസിരാജ’ ഗൂഡല്ലൂര്‍ മേഖലയില്‍ നൂറോളം വീടുകള്‍ അക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞമാസം അക്രമണത്തിനിടെയാണ് ഒരു സ്ത്രീ വീട് തകര്‍ന്നുവീണ് മരിച്ചത്. മറ്റൊരു സ്ത്രീ ചവിട്ടേറ്റും മരിച്ചു. പന്തല്ലൂര്‍ മേഖലയില്‍ സ്ഥിരംഭീഷണിയായി തീര്‍ന്നതോടെ തമിഴ്നാട്ടിലെ വനംവകുപ്പ് പിടികൂടിയശേഷം റേഡിയോകോളര്‍ ഘടിപ്പിച്ച് മുതുമല ഫോറസ്റ്റില്‍തന്നെ തുറന്നുവിടുകയായിരുന്നു. ഒരുമാസം മുന്‍പ് യാത്രതുടങ്ങിയ ആന 170 കിലോമീറ്റര്‍ താണ്ടിയാണ് സുല്‍ത്താന്‍ബത്തേരിയിലെത്തിയത്. ഇതിനിടെ രണ്ടാഴ്ചമുന്പ് വനംവകുപ്പ് മുത്തങ്ങയില്‍നിന്ന് ഇതിനെ തിരികെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്‍നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് (തമ്പി-57) പരിക്കേറ്റത്. ഇയാള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡും നടപ്പാതയും തമ്മില്‍ വേര്‍തിരിക്കുന്ന ഹാന്‍ഡ് റെയില്‍ ഉള്ളതുകൊണ്ട് ഭാഗ്യത്തിലാണ് സുബൈര്‍കുട്ടി രക്ഷപ്പെട്ടത്.
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിനുനേരെയും ചീറിയടുത്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നാടിറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച രാവിലെയാണ് വനത്തിലേക്ക് തുരത്തിയോടിച്ചത്. പന്തല്ലൂരില്‍ രണ്ടുപേരെ കൊല്ലുകയും നൂറോളം വീടുകള്‍ ആക്രമിച്ചുതകര്‍ക്കുകയും ചെയ്ത പി.എം.ടു. എന്ന മോഴയാനയാണ് ബത്തേരിയിലിറങ്ങിയത്.
മുതുമല വന്യജീവിസങ്കേതത്തിലെ സത്യമംഗലം വനത്തില്‍നിന്ന് പുറപ്പെട്ട് ബന്ദിപ്പൂര്‍ ഫോറസ്റ്റിലൂടെ കേരള അതിര്‍ത്തി കടന്ന് ആദ്യം കുപ്പാടിയിലെത്തി. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റേഞ്ചിലേക്ക് പ്രവേശിച്ചു. മൂന്നുദിവസം കുറിച്യാട് മേഖലയിലുണ്ടായിരുന്നു. കട്ടയാട്ടുനിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി ടൗണിലേക്ക് കടന്നതും വഴിയാത്രക്കാരനെ അക്രമിക്കുന്നതും. രാത്രിയില്‍ ഒരു ജൂവലറിയുടെ മതിലും ആന തകര്‍ത്തിട്ടുണ്ട്. അക്രമത്തിനുശേഷം വീണ്ടും വനത്തിനുള്ളിലൂടെ താഴെകുപ്പാടിക്ക് സമീപത്തെത്തി. വൈകീട്ട് കട്ടയാട്ട് വനത്തിനോട് ചേര്‍ന്ന ഒരു റിസോര്‍ട്ടിന്റെ നാനൂറുമീറ്ററോളം അടുത്തെത്തി.


