പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം നേരത്തെയാക്കി. ഏപ്രില്‍ 24-ലേക്കാണ് മാറ്റിയത്. കര്‍ണാടകയില്‍ പ്രചാരണപരിപാടി ഉള്ളതിനാലാണ് മാറ്റം എന്നാണറിയിപ്പ്.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
തിരഞ്ഞെടുപ്പ് കടുക്കും, രാഷ്ട്രീയ റാലികൾക്ക് തുടക്കം
അതിനിടെ, പ്രധാനമന്ത്രിയുടെ യുവജന സമ്മേളനത്തിന് ബദലൊരുക്കാന്‍ കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടിയുടെയോ ഡി.വൈ.എഫ്.ഐ.യുടെയോ ബാനറിലായിരിക്കും റാലി. വന്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനം ബി.ജെ.പി.യുടെ പരിപാടിയെന്ന് പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമിട്ടാണ് സംഘാടനം. അതിനാല്‍, രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സി.പി.എം. തീരുമാനം. 23-നോ 24-നോ തിരുവനന്തപുരത്ത് പടുകൂറ്റന്‍ റാലി നടത്തും.


