Friday, February 20, 2026

പ്രെയ്സ് ദി ലോർഡ്; സാഹിത്യം ചലച്ചിത്രമാക്കുമ്പോൾ ചോർന്നു പോകുന്നത്

മഹമൂദ് മൂടാടി

“എനിക്ക് ഈ ഇരിപ്പ് ഇങ്ങിനെ ഇരിക്കുന്നതാ ഏറ്റവും ഇഷ്ടം.വരാന്തയിലോട്ടു് ചാരുകസേരം വലിച്ചിട്ടു മിറ്റത്തോട്ടു നോക്കി ഒറ്റ ഇരിപ്പ്..”

ജീവിതകാമനങ്ങളുടെ സ്വാഭാവികമായ ആസക്തികളും,അനാസക്തികളും ഒരു നാട്ടുമ്പുറത്തുകാരനിലുണ്ടാക്കുന്ന കയ്പും,മധുരവും സറ്റയറിക്കൽ നറേഷനിലൂടെ പ്രതിപാദിച്ച സക്കറിയയുടെ പ്രെയ്സ് ദി ലോർഡ് എന്ന നോവലൈറ്റ് തൊണ്ണൂറുകളിൽ ഏറെ ആഘോഷിക്കപ്പെട്ട സാഹിത്യ കൃതിയായിരുന്നു.

സക്കറിയൻ ആക്ഷേപ ഹാസ്യത്തിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ച ജനപ്രിയ കൃതിയായ പ്രെയ്സ് ദി ലോർഡ് ചലച്ചിത്രമാക്കുമ്പോൾ തീർച്ചയായും പ്രേക്ഷകനെന്ന നിലയിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ,
നിർഭാഗ്യകരമെന്നു പറയട്ടെ,
ഷിബു ഗംഗാധരൻ എന്ന പുതുമുഖ സംവിധായകൻ വല്ലാതെ നിരാശപ്പെടുത്തിയെന്നു പറയാതെ തരമില്ല.

കോട്ടയത്തെ ഒരോണംകേറാ മൂലയിൽ കൃഷിയും,കുടുംബവും,ഫെനിബ്രാൻഡ് സ്മോളും,ഉച്ചമയക്കവും,കൂട്ടും,കൂട്ടുകാരുമൊക്കെയായി ജീവിതത്തിന്റെ നിയന്ത്രണരഹിതമായ ഒഴുക്കിനൊപ്പം ചുമ്മാ കഴിഞ്ഞുകൂടുന്ന ജോയിയുടെയും,ഭാര്യ ആൻസിയുടെയും രണ്ടു മക്കളുടെയും ഉല്ലാസഭരിതമായ ദിനവൃത്താന്തത്തിലേക്ക് സാംകുട്ടിയും,ആനിയുമെന്ന കമിതാക്കൾ ഒളിച്ചോടി വരുന്നതുമൂലമുണ്ടാകുന്ന രസകരമായ കയറ്റിറക്കങ്ങളാണ് സക്കറിയുടെ നോവലൈറ്റിന്റെ ആകർഷണീയത.

പക്ഷേ, പ്രെയ്സ് ദി ലോർഡ് എന്ന നോവലൈറ്റിനെ പിറന്നപടി പകർത്തിവെക്കാൻ ശ്രമിച്ച ഷിബു എന്ന സംവിധായകനും,തിരക്കഥാകൃത്തായ ദേവരാജനും കഥയിലെ ചലച്ചിത്രസാധ്യതകളെ സർഗാത്മകമാക്കുന്നതിൽ പാടെ പരാജയപ്പെട്ടു.

നസ്രാണിജീവിതത്തിന്റെ ചൂടും,ചൂരും കെട്ടഴിച്ചുവിടുന്ന നൈസർഗികവും,നിർഗളവുമായ പൗരുഷഭാവത്തെ ജോയിച്ചനിലൂടെ അച്ചടക്കരഹിതമായി സക്കറിയ തന്റെ നോവലൈറ്റിൽ ആഘോഷിച്ചപ്പോൾ ചലച്ചിത്രത്തിൽ ജോയിച്ചനെ മമ്മൂട്ടിയിലൂടെ എനർജറ്റിക്കായ് ക്യാരക്ടറൈസ് ചെയ്യാൻ സംവിധായകന് സാധിച്ചില്ലായെന്നുതന്നെ പറയണം.

കോട്ടയം കുഞ്ഞച്ചനിലും,ഡാനിയിലും,ജോഷിയുടെയും മറ്റും നിരവധി ചിത്രങ്ങളിൽ കോട്ടയം നസ്രാണി സ്ലാങ്ങിലും,മാനറിസങ്ങളിലും കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയെ ഈ സക്കറിയൻ കൃതിയിലെ കഥാപാത്രത്തിന്റെ ആഴപ്പരപ്പിൽ ഭാവപ്പെടുത്താൻ തിരക്കഥയുടെ ഒഴുക്കില്ലായ്മയും,സംവിധാനത്തിന്റെ സൂക്ഷ്മതക്കുറവുകൊണ്ടും സാധിച്ചില്ലായെന്നു ആവർതിച്ചു പറയേണ്ടതുണ്ട്.

ഇമ്മാനുവൽ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ റീനു മാത്യു ഈ ചിത്രത്തിൽ ആൻസിയായി ഒട്ടും തിളങ്ങിയതുമില്ല.
അഭിനയത്തിലേറെ സ്വാഭാവിക വഴക്കമുളള ജോയിമാത്യുവിന്റെ പെർഫോമൻസ് പോലും മോശമായെങ്കിൽ പാളിച്ച സംവിധായകനും,തിരക്കഥാകൃത്തും പങ്കിടാതെ വയ്യ!!

ഒരു കഥയെ ചലച്ചിത്രമാക്കുമ്പോൾ ചെയ്യേണ്ട ഹോംവർക്കും സർഗാത്മകമായ സൂക്ഷ്മതയും ഇടപെടലും ഈ ചിത്രത്തിൽ പാടെ പിഴച്ചുപ്പോയിയെന്നു ചുരുക്കം .
സഭ,പളളി,കേരളാകോൺഗ്രസ്സ്,അധികാരം,പ്രണയം,വിവാഹം,കുടുംബം,വിശ്വാസം, ആസക്തി തുടങ്ങിയ ആൺകോയ്മയുടെ പലവിധ രൂപങ്ങളേയും,സ്ഥാപനങ്ങളേയും സൂക്ഷ്മമായി പ്രശ്നവത്ക്കരിക്കുകയും,പരിഹസിക്കുകയും ചെയ്യുന്ന സക്കറിയയുടെ കൃതിയുടെ ആഴവും അർത്ഥവും,സാധ്യതകളും, പിടിച്ചെടുക്കാനാവാതെ സക്കറിയയുടെ കൃതിയെ ഉപരിപ്ലവമായി പിന്തുടർന്ന് സംഭാഷണസഹിതം പകർത്തിവെച്ചതുകൊണ്ടു മാത്രമാണീ ചിത്രമിങ്ങനെ കോലംകെട്ടുപോകാൻ കാരണമെന്ന് ഉറപ്പിക്കാം !!

കഥയെ അപ്പടി സംഭാഷണസഹിതം ഇങ്ങിനെ പകർത്തുമ്പോഴും മൂല കഥയിലൊരിടത്തും ഒരു സൂചനപോലുമില്ലാത്ത ഒരു കഥാപാത്രവും,കഥാസന്ദർഭവും ഈ ചിത്രത്തിൽ കൃത്രിമമായി തുന്നിച്ചേർത്തിട്ടുമുണ്ട് ,സഖാവ് കുട്ടപ്പൻ എന്ന വില്ലൻ!
നായകൻ പിരിവ്കൊടുക്കാത്തതിന്റെ പകയിൽ സദാചാരപ്പോലീസായും മറ്റും പാർട്ടി ലോക്കൽ സെക്രട്ടറിയുടെ ടാഗുമായി സഖാവ് കുട്ടപ്പൻ ഈ പടത്തിൽ രണ്ടുമൂന്നു തവണ അവതരിക്കുന്നുണ്ട്.
ഇടതുപക്ഷത്തെ ചിത്രവധം ചെയ്തു കൊണ്ടു പ്രേക്ഷകരുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനും,അരക്കിട്ടുറപ്പിക്കാനും നമ്മുടെ സിനിമകളിൽ ഇങ്ങിനെയുളള ട്വിസ്റ്റുകൾ തിരുകി കയറ്റുന്നത് നല്ലതാണെന്ന തെറ്റിദ്ധാരണ സംവിധായകന് ഉള്ളത് പോലെ വിളിച്ചറിയിക്കുന്ന ഒരനാവശ്യ കഥാപാത്രവും കഥാസന്ദർഭവുമാണത്.

തീർച്ചയായും ,
സക്കറിയയുടെയും,മലയാളസാഹിത്യത്തിലേയും എന്നത്തേയും മികച്ച ഒരു കഥയെ അതിജീവിച്ച് ഇങ്ങിനെയൊരു ശരാശരി ചലച്ചിത്രത്തിനൊരുമ്പെട്ടത് കഥാകാരനോടും,വായനക്കാരായ പ്രേക്ഷകരോടും കാണിച്ച അനീതിയായിപ്പോയെന്ന് പറയട്ടെ !

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...