പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെൻ്ററി അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 12-ന് രാവിലെ പത്തുമുതൽ 13-ന് വൈകീട്ട് അഞ്ചുവരെ അഡ്മിഷൻ എടുക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സപ്ലിമെന്ററി അലോട്മെന്റിനുശേഷം ലഭ്യമാവുന്ന സ്കൂൾതല വേക്കൻസികൾ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റിനായി 15-ന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലകസംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
ഇതിനു ശേഷം അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്മെന്റുകൂടി നടത്തും.
ഒന്നാം സപ്ലിമെന്ററി അലോട്മെന്റിന് 54,303 ഒഴിവുകളുണ്ടായിരുന്നു. ഇതിലേക്ക് 73,350 അപേക്ഷകൾ ലഭിച്ചു. അവയിൽ 72,808 അപേക്ഷകൾ പരിഗണിച്ചു.
ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 542 അപേക്ഷകൾ പരിഗണിച്ചിട്ടില്ല


