കക്കുകളി എന്ന നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം. ഈ നാടകം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടകനകൾ രംഗത്തെത്തി. കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നൽകുന്നു എന്നാണ് വിലയിരുത്തൽ. ‘കക്കുകളി’ എന്ന നാടകത്തിന്റെ പ്രദര്‍ശനം സര്‍ക്കാര്‍ നിരോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കന്യാസ്ത്രി മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നതാണ് നാടകം എന്നാണ് പരാതി. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ അതിരൂപതയും സമാനമായ പരാതി ഉന്നയിച്ചിരുന്നു.
നാടകം കേരളത്തില്‍ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പും കെസിബിസി പുറത്തിറക്കി. ഞായറാഴ്ച തൃശ്ശൂര്‍ അതിരൂപതയിലെ പള്ളികളില്‍ ഈ വിഷയത്തില്‍ പ്രതിഷേധം ഉണ്ടാകുമെന്നാണ് അതിരൂപത അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച കളക്ടറേറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.30-ന് പടിഞ്ഞാറേക്കോട്ടയില്‍നിന്ന് കളക്ടറേറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ സ്ഥാനം ലഭിച്ച നാടകമാണ്. നാടകത്തിനെതിരെ തൃശൂർ അതിരൂപത ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സർക്കുലറിൽ പറയുന്നത്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു.
ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി. അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. എന്നാൽ, പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നാണ് അതിരൂപതയുടെ വാദം.


